ബഹിഷ്കരണ ആഹ്വാനത്തിനിടെ ജമ്മു കാശ്മീര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
|തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
വിഘടനവാദികളുടെ ബഹിഷ്കരണ ആഹ്വാനത്തിനിടെ ജമ്മു കശ്മീർ ഇന്ന് പോളിങ് ബൂത്തിലേക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ
ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ആദ്യ ഘട്ടത്തിലെ 4,048 വാർഡുകളിലേക്കായി 5,951 സ്ഥാനാർഥികളും, 536 സർപഞ്ച് ഹൽഖകളിലേക്കുള്ള 427 പേരുമാണ് ഇന്ന് ജനവിധി തേടുന്നത്.
കാശ്മീർ പ്രദേശത്തെ ആറ് ജില്ലകളിലും, ലഡാക്കിലെ രണ്ടും, ജമ്മുവിലെ ഏഴ് ജില്ലകളിലുമായാണ് പോളിങ് നടക്കുന്നത്. കുപ്‍വാര ജില്ലയിലെ 64 സർപഞ്ചുകളിലേക്കും, 498 വാർഡുകളിലേക്കുമായി യഥാക്രമം 170ഉം, 762ഉം സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കത്‍വാ ജില്ലയിലെ 29 സർപഞ്ചുകളിലേക്കും, 209 വാർഡുകളിലേക്കും തെരഞ്ഞടുപ്പ് നടക്കുന്നുണ്ട്. ഇതിന് പുറമെ, മറ്റു പ്രശ്നബാധിത ജില്ലകളായ ബാരാമുള്ള, കാർഗിൽ, കിശ്ത്വാർ, പൂഞ്ച്, രജോറി ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പിനായുള്ള സജ്ജീകരണങ്ങളെല്ലാം ഒരുക്കിയതായി അറിയിച്ച അതികൃധർ, പോളിങ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ നിയോഗിച്ചതായും അറിയിച്ചു. ഭരണഘടനയുടെ 35-A അനുച്ഛേദ പ്രകാരം, രാഷ്ട്രീയ പാർട്ടികളെ മാറ്റി നിർത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പാണ് കാശ്മീരിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത്. എല്ലാ തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ നിന്നും മാറി നിൽക്കുന്നതായി അറിയിച്ച നാഷണൽ കോൺഫ്രൻസ്, പി.ഡി.പി, സി.പി.എെ(എം) ഉൾപ്പടെയുള്ള പാർട്ടികൾ, ഭരണഘടനാ വിധിയെ കുറിച്ചുള്ള കേന്ദ്രത്തിന്റെ നിലപാട് പരമോന്നത കോടതിയിൽ വ്യക്തമാക്കണമെന്നും അറിയിച്ചു.
ഇതിന് പുറമെ, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാനത്തെ വിഘടനവാദികളും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നവർക്ക് എതിരെ ഭീഷണിയും തീവ്രവാദ
ഗ്രൂപ്പകൾ ഉയർത്തിയിട്ടുണ്ട്.