India
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നത്?
India

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നത്?

സ്വാതി ചാതുര്‍വേദി
|
17 Nov 2018 8:45 AM GMT

മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ അവഗണന രഹസ്യമൊന്നുമല്ല. തനിക്ക് വേണ്ടപ്പെട്ട രണ്ട് ചാനകള്‍ക്കുവേണ്ടി നന്നായി ചിട്ടപ്പെടുത്തിയ അഭിമുഖങ്ങള്‍ മാത്രമാണ് മോദി ഇതുവരെ നല്‍കിയിട്ടുള്ളത്.

എല്ലാ കാര്യത്തിലും ഒന്നാം സ്ഥാനം അവകാശപ്പെടാന്‍ മോദി മടിക്കാറില്ല. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ പത്രസമ്മേളനം നടത്തിയിട്ടില്ലാത്ത പ്രധാനമന്ത്രി എന്ന പട്ടം മോദിക്ക് സത്യസന്ധമായി തന്നെ അവകാശപ്പെടാം. തന്റെ ഭരണകാലത്ത് ഇതുവരെ മോദി പത്രസമ്മേളനം നടത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാലാവധി പൂർത്തിയാകാൻ 16 മാസം മാത്രം ശേഷിച്ചിരിക്കെ മോദി ഭരണകൂടത്തിന് ഇതുവരെ മാധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യം നേരിട്ടിട്ടില്ല.

മാധ്യമങ്ങളോട് അങ്ങേയറ്റം മോശമായി പെരുമാറുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പോലും പത്രസമ്മേളനം നടത്താറുണ്ട്. ഒരു ജനാധിപത്യ ക്രമത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തെയാണ് അത് കാണിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ ട്രംപ് വാര്‍ത്താസമ്മേളനം വിളിക്കുകയും വൈറ്റ് ഹൗസ് വക്താവ് ദിനേനയെന്നോണം തെരഞ്ഞെടുക്കപ്പെട്ട പത്രപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യാറുണ്ട്.

പാരമ്പര്യങ്ങള്‍ അവസാനിക്കുന്നു

തന്റെ മുൻഗാമിയായ ഡോ. മൻമോഹൻ സിംഗിനെ "മൗൻ മോഹൻ സിംഗ്" എന്ന് മോദി പരിഹസിച്ചിരുന്നു. എന്നാൽ മാധ്യമങ്ങളോടുള്ള ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ സംഭവിക്കുന്ന വീഴ്ചകളില്‍ അദ്ദേഹം മന്‍മോഹന്‍ സിംഗിനെ മറികടന്നിരിക്കുകയാണ്.

മോദിയിൽ നിന്ന് വ്യത്യസ്തമായി രാജ്യസഭയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. എന്നിട്ടും പത്രസമ്മേളനങ്ങളിൽ നിന്ന് സിംഗ് പിന്മാറിയിരുന്നില്ല. മാത്രമല്ല ഓരോ വർഷവും രണ്ട് തവണയെങ്കിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചിരുന്നു. മാത്രമല്ല, വിദേശയാത്രകള്‍ക്കിടയിലും മാധ്യമങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

എന്നാല്‍ നാല്‍പതോളം വിദേശയാത്രകള്‍ നടത്തിയിട്ടുള്ള മോദി ഇതുവരെ മാധ്യമങ്ങളെ തന്നെ അനുഗമിക്കാന്‍ അനുവദിച്ചിട്ടില്ല. വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമാണത് എന്നതാണ് യാഥാര്‍ത്ഥ്യം.

മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ അവഗണന രഹസ്യമൊന്നുമല്ല. തനിക്ക് വേണ്ടപ്പെട്ട രണ്ട് ചാനകള്‍ക്കുവേണ്ടി നന്നായി ചിട്ടപ്പെടുത്തിയ അഭിമുഖങ്ങള്‍ മാത്രമാണ് മോദി ഇതുവരെ നല്‍കിയിട്ടുള്ളത്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ വിദേശയാത്രകളെ ആഢംബര ജീവിതശൈലിയുടെ ഉദാഹരണമായാണ് മോദി വിലയിരുത്തിയത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതില്‍ നിന്നും വ്യത്യസ്തമാണ്. പ്രധാനമന്ത്രിയെ അഭിമുഖീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വിമാനയാത്ര സൗജന്യമാണെങ്കിലും താമസവും മറ്റു ചെലവുകളും അവര്‍ തന്നെ വഹിക്കേണ്ടതുണ്ട്.

ഈ യാത്രകളിലൂടെ പ്രധാനമന്ത്രിയെ അഭിമുഖീകരിക്കുന്ന മന്ത്രിമാരുമായും മറ്റ് ഭരണകൂട ഉദ്യോഗസ്ഥന്‍മാരുമായും സംവദിക്കാനും അതിലൂടെ ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ സുതാര്യമാക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകരോടുള്ള മോദിയുടെ അവഗണന രഹസ്യമൊന്നുമല്ല. തനിക്ക് വേണ്ടപ്പെട്ട രണ്ട് ചാനകള്‍ക്കുവേണ്ടി നന്നായി ചിട്ടപ്പെടുത്തിയ അഭിമുഖങ്ങള്‍ മാത്രമാണ് മോദി ഇതുവരെ നല്‍കിയിട്ടുള്ളത്. ഒരിക്കല്‍ മോദി തന്നെ സ്വയം തയ്യാറാക്കിയ ഒരു അഭിമുഖത്തില്‍ ഒരിക്കല്‍ പോലും ചോദ്യകര്‍ത്താവ് കൂടുതല്‍ ഇടപെടുകയോ തുടര്‍ ചോദ്യങ്ങളുന്നയിക്കുകയോ ചെയ്‍തില്ല. മാധ്യമരംഗത്തെ മോദി കുഴലൂത്തിന്റെ ഉത്തമോദാഹരണമായിരുന്നു ആ അഭിമുഖം.

വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) കീഴിൽവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മോദിയുടെ ഓഫീസിന് ഏറ്റവും മോശം റെക്കോർഡാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ രേഖകള്‍ നിരസിക്കുന്നതില്‍ 80 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

കേന്ദ്ര മന്ത്രിമാരും തന്റെ പാത പിന്തുടരുന്നുണ്ടെന്ന് മോദി ഉറപ്പുവരുത്തുന്നു. മാധ്യമങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന സ്മൃതി ഇറാനിയെപ്പോലുള്ളവരും മാധ്യമങ്ങളെ ഭയപ്പെടുന്നവരും മന്ത്രിമാരുടെ കൂട്ടത്തിലുണ്ട്. മാധ്യമങ്ങളുമായി ഒരിക്കല്‍ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന രാജ്‍നാഥ് സിംഗിനെ പോലുള്ള മന്ത്രിമാര്‍ പോലും പ്രധാനമന്ത്രിയുടെ ഓഫീസിലെ ‘ഉന്നതരുടെ’ നിര്‍ദേശത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് അകലം പാലിക്കുകയാണ് ചെയ്യുന്നത്.

മോദി ടൈംസ് നൗവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

മുമ്പ് പ്രസ് ഇന്‍ഫർമേഷൻ ബ്യൂറോ(പി.ഐ.ബി)യുടെ കീഴിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മന്ത്രിമാരെ കാണാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ മന്ത്രാലയങ്ങളിലേക്കുള്ള മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനവും ഭീഷണിയിലാണ്. പി.ഐ.ബി കാര്‍ഡുണ്ടെങ്കില്‍ പോലും എത് ഉദ്യോഗസ്ഥനെയാണ് കാണാന്‍ പോകുന്നതെന്ന് വെളിപ്പെടുത്തണം. ആ ഉദ്യോഗസ്ഥനാകട്ടെ, പിന്നീട് ഉന്നതങ്ങളില്‍ നിന്നുള്ള കടുത്ത ചോദ്യചെയ്യലിന് വിധേയമാവുകയും ചെയ്യും. ഇതുകാരണം മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം വിവരശേഖരണം പ്രയാസകരവുമാവുകയും ചെയ്തിട്ടുണ്ട്.

ചോർന്നുപോകാൻ കേന്ദ്രസര്‍ക്കാറിന് താല്‍പര്യമില്ലാത്ത വിവരങ്ങൾ മറച്ചുവെക്കപ്പെടുകയാണ് ചെയ്യുന്നത്. വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) കീഴിൽവരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മോദിയുടെ ഓഫീസിന് ഏറ്റവും മോശം റെക്കോർഡാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിവരാവകാശ രേഖകള്‍ നിരസിക്കുന്നതില്‍ 80 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങള്‍ക്കും പൗരൻമാർക്കുമെല്ലാം മുകളിലാണ് താന്‍ നിലകൊള്ളുന്നത് എന്നാണ് മോദി വിശ്വസിക്കുന്നത്.

എല്ലാം കാണുന്ന കണ്ണ്

എല്ലാ പ്രധാനമന്ത്രിമാർക്കും ഒരു മാധ്യമ ഉപദേഷ്ടാവ് ഉണ്ടായിരുന്നു. എന്നാൽ മോദി അതും ഉപേക്ഷിച്ചു. മോദിക്ക് മുമ്പ്, അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ള എല്ലാ പ്രധാനമന്ത്രിമാര്‍ക്കും മാധ്യമ ഉപദേഷ്ടാക്കള്‍ ഉണ്ടായിരുന്നു. ഇന്നാകട്ടെ, പ്രധാനമന്ത്രിയുടെ ഓഫീസില്‍ ആരെയാണ് വിളിക്കേണ്ടതെന്ന് മാധ്യമങ്ങള്‍ക്ക് നിശ്ചയമില്ലാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

മന്ത്രിമാരോട് സംസാരിക്കുന്ന മാധ്യമപ്രവർത്തകരെ നിയന്ത്രിക്കുന്നതിന് പലമെന്റിന്റെ മധ്യഭാഗത്ത് മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനെയാണ് നിർത്തിയിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള ഈ ഉദ്യോഗസ്ഥനാകട്ടെ, പാര്‍ലമെന്‍റിന്റെ പ്രവേശന കവാടത്തിൽ നിൽക്കുകയും മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്ന ബി.ജെ.പി മന്ത്രിമാരുടേയും എം.പിമാരുടേയും പട്ടിക തയ്യാറാക്കുകയും ചെയ്യുന്നു.

അതിനാല്‍ തങ്ങളുടെ ഭാവിയെ കരുതി മാധ്യമപ്രവർത്തകരെ പരസ്യമായി കാണുന്നത് കേന്ദ്രമന്ത്രിമാരടക്കം ഒഴിവാക്കുന്നു. "ഒരു മുതിർന്ന പത്രസ്ഥാപനത്തിന്റെ എഡിറ്ററുമായി ഞാൻ സംസാരിച്ച അതേ ദിവസം തന്നെ ഞാൻ പറഞ്ഞത് എന്താണെന്ന് ചോദിച്ച് പാർട്ടിയുടെ മുതിർന്ന നേതാവിൽ നിന്ന് ഒരു ഫോണ്‍വിളി വന്നു. അപമാനകരമായ അനുഭവമായിരുന്നു അത്", ഒരു മുതിർന്ന കേന്ദ്രമന്ത്രിയുടേതാണ് ഈ വാക്കുകള്‍.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അറിയുന്ന ഗുജറാത്തിലെ മാധ്യമ പ്രവർത്തകർ ഈ സംഭവങ്ങളിലൊന്നും ആശ്ചര്യപ്പെടുന്നില്ല. ഗാന്ധിനഗറിൽ മാധ്യമങ്ങളെ നിഷ്ക്രിയമാക്കാന്‍ ഇതേ രീതികള്‍ തന്നെയായിരുന്നു മോദി അവലംബിച്ചിരുന്നത്. മാത്രമല്ല, നിയമസഭാ സമ്മേളനം നടക്കുന്നില്ല എന്ന് മോദി ഉറപ്പുവരുത്തിയിരുന്നു. വല്ലപ്പോഴും നടക്കുകയാണെങ്കില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.

പാർലമെന്റിലും മോദി ഗുജറാത്ത് മാതൃക നടപ്പിലാക്കുകയാണ് ചെയ്തത്. മോദിയും അദ്ദേഹത്തിന്റെ സംഘവും ഗുജറാത്തിൽ പ്രചാരണ തിരക്കിലായിരുന്നതിനാല്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം വെട്ടിച്ചുരുക്കിയത് അതിനുദാഹരണമാണ്.

ട്വിറ്റർ സന്ദേശങ്ങൾ, നമോ അപ്ലിക്കേഷൻ, "മാൻ കി ബാത്" എന്ന റേഡിയോ പരിപാടി എന്നിവയിലൂടെ ഏകപക്ഷീയമായ സംഭാഷണങ്ങളാണ് മോദി ഇഷ്ടപ്പെടുന്നത്. യാതൊരു വിധത്തിലുള്ള ചോദ്യമോ അന്വേഷണമോ ഉന്നയിക്കാന്‍ സാധ്യമല്ല എന്നതാണ് അതിന്‍റെ പ്രത്യേകത.

ട്വിറ്റർ സന്ദേശങ്ങൾ, നമോ അപ്ലിക്കേഷൻ, “മാൻ കി ബാത്” എന്ന റേഡിയോ പരിപാടി എന്നിവയിലൂടെ ഏകപക്ഷീയമായ സംഭാഷണങ്ങളാണ് മോദി ഇഷ്ടപ്പെടുന്നത്.

വിദേശ മാധ്യമപ്രവര്‍ത്തകരുടെയും അവസ്ഥ വ്യത്യസ്തമല്ല. മോദി സര്‍ക്കാറിന് അനിഷ്ടകരമായത് എഴുതിയാല്‍ അവരുടെ മേല്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു ഫ്രഞ്ച് പത്രത്തിന്റെ മുതിര്‍ന്ന എഡിറ്റര്‍ നിരാശയോടെ പറയുന്നു; " മോദി ഭരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളായി എങ്ങനെയാണ് എനിക്ക് ലൗജിഹാദിന്റെ പേരിലുള്ള ആക്രമണങ്ങളെക്കുറിച്ചും ബീഫ് കൊലപാതകങ്ങളെക്കുറിച്ചും നോട്ടുനിരോധനത്തെക്കുറിച്ചും എഴുതാനാവുക?

അനാരോഗ്യകരമായ കീഴ്‍വഴക്കങ്ങള്‍

സ്വതന്ത്ര മാധ്യമങ്ങളെ മാത്രമാണ് മോദി വെറുക്കുന്നത് എന്നതാണ് രസകരമായ വസ്തുത. അതേസമയം ബി.ജെ.പി നേതാവ് അരുൺ ഷൂരി വടക്കൻ കൊറിയ ചാനലുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ചാനലുകളെ മോദി ഭരണകൂടം ഇഷ്ടപ്പെടുന്നുണ്ട്. പ്രതിപക്ഷത്തെ നിരന്തരം ആക്രമിക്കുകയാണ് ഈ ചാനലുകളുടെ ജോലി. ബി.ജെ.പി നേരിട്ടും അല്ലാതെയും നിക്ഷേപമിറക്കിക്കൊണ്ട് മോദിക്കായി പ്രചാരവേലകള്‍ നടത്തുന്ന ചില വെബ്സൈറ്റുകളുമുണ്ട്.

ജനാധിപത്യപരമായ ഇടപാടുകളെ വെറുക്കുന്ന മോദി ഇപ്പോള്‍ അമിത്ഷായോടൊപ്പം വരുന്ന സംസ്ഥാന തെരെഞ്ഞെടുപ്പുകളെയും 2019 ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനെയും നേരിടാനുള്ള ഒരുക്കത്തിലാണ്.

പത്ര സമ്മേളനങ്ങളുടെ അഭാവവും മാധ്യമങ്ങളുടെ മുകളിലാണ് താന്‍ നിലകൊള്ളുന്നതെന്ന മോദിയുടെ വിശ്വാസവും ഇന്ത്യന്‍ ജനാധിപത്യത്തിന് മേല്‍ മോദി സാധ്യമാക്കിയിട്ടുള്ള അനാരോഗ്യകരമായ കീഴ്‍വഴക്കത്തെയാണ് സൂചിപ്പിക്കുന്നത്.

Similar Posts