‘റിസര്‍വ് ബാങ്കിനെ കെെപിടിയിലൊതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം’
|റിസർവ് ബാങ്ക് ഗവർണർ സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത്ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും.
രാജ്യത്തിന്റെ പരമോന്നത ബാങ്കായ റിസർവ് ബാങ്കിനെ കയ്യടക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം. തിങ്കളാഴ്ച്ച റിസർവ് ബാങ്കിന്റെ ബോർഡ് മീറ്റിങ് ആരംഭിക്കാനിരിക്കേയാണ് മുൻ ധനമന്ത്രിയുടെ ആരോപണം. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കണ്ണു വെച്ചിരിക്കുകയാണ് സർക്കാറെന്നും, സാമ്പത്തിക രംഗം നിലവില്‍ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ദിവസം നടക്കാനിരിക്കുന്ന ബോർഡ് മീറ്റിങ് സർക്കാറും ആർ.ബി.എെയും തമ്മിലുള്ള പോരിനായിരിക്കും സാക്ഷ്യം വഹിക്കുക. മുൻകാലങ്ങളിൽ നിന്നു വിപരീതമായി, ബാങ്കിനു മേൽ അധികാരം സ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. വിശാല അധികാരങ്ങളുള്ള റിസർവ് ബാങ്ക് ഗവർണർ, സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നത്
ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. ബാങ്കിന്റെ പരമാധികാരത്തിനും ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിക്ക് തന്നെയും ഇത് കടുത്ത വെല്ലുവിളിയായിരിക്കുമെന്നും ചിദംബരം ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, ആർ.ബി.എെയുടെ 9.59 ലക്ഷം കോടി വരുന്ന കരുതൽ ധനശേഖരത്തിൽ നിന്നും കേന്ദ്രസർക്കാർ മൂന്നര ലക്ഷം കോടി രൂപ ചോദിച്ചതായി ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന്,
ഗവൺമെന്റിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾ ഖജനാവ് കാലിയായെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെ നിഷേധിച്ച് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര
ഗാർഗ് രംഗത്ത് വരികയും, ആരോപണം അടിസ്ഥാന രഹിതമാണെന്നും പറയുകയും ചെയ്തിരുന്നു.