നിവാഡിയില്‍ ജയിക്കാനുറച്ച് സമാജ് വാദി പാര്‍ട്ടി
|സമാജ്‌വാദി പാര്‍ട്ടിക്ക് നിവാഡിയില്‍ ഇക്കുറി ജയിച്ചേ പറ്റൂ. പാര്‍ട്ടിയിലെ കരുത്തരിലൊരാളും തൊട്ടടുത്ത യു.പി നഗരമായ ഝാന്‍ഡിയുടെ എം.എല്‍.എയുമായ ദീപ് നാരായണ്‍ സിംഗ് എന്ന ദീപക് യാദവിന്‍റെ ഭാര്യ മീര യാദവ് കോണ്‍ഗ്രസുമായി നിവാഡിയില്‍ സൗഹൃദ പോരാട്ടത്തിലാണെന്നാണ് ആരോപണമെങ്കിലും മണ്ഡലത്തിലെ ചിത്രം അതല്ല. നിവാഡിക്കു പുറത്തെ സീറ്റുകളിലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്നാണ് ദീപക് യാദവ് പറയുന്നത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗൊരഖ്പൂരിലടക്കം മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ തകര്‍ത്ത കോണ്‍ഗ്രസ്-എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് മധ്യപ്രദേശില്‍ പ്രത്യക്ഷമായി എവിടെയും കാണാനില്ല. നിവാഡിയില്‍ സമാജ്‌വാദിക്കു വേണ്ടി കോണ്‍ഗ്രസ് ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് ചെയ്തതെന്നും ഇരു പാര്‍ട്ടികളും വോട്ടര്‍മാരെ വഞ്ചിക്കുകയാണെന്നാണ് ബി.ജെ.പി പ്രചാരണം. എന്നാല്‍ ബി.ജെ.പിക്കു വേണ്ടി യാദവ് വോട്ടുകള്‍ പിളര്‍ത്തുക മാത്രമാണ് ഈ സ്ഥാനാര്‍ഥി ചെയ്യുന്നതെന്നാണ് എം.എല്‍.എയും മുതിര്‍ന്ന സമാജ്‌വാദി നേതാവുമായ ദീപ് നാരായണ്‍ യാദവ് കുറ്റപ്പെടുത്തുന്നത്.
"കോണ്‍ഗ്രസിലെ ചിലര്‍ ബി.ജെ.പിയുമായി ചേര്‍ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. യാദവ വോട്ടുബാങ്ക് പിളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. കഴിഞ്ഞ നിരവധി തെരഞ്ഞെടുപ്പുകളായി കോണ്‍ഗ്രസിന് ഇവിടെ അഞ്ചോ ആറോ ആയിരം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ എസ്.പി ജയിച്ച സീറ്റാണിത്. ഞങ്ങള്‍ എക്കാലത്തും മതേതര പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസാണ് സ്വന്തം നിലപാട് വ്യക്തമാക്കേണ്ടത്," ദീപ് നാരായണ്‍ യാദവ് പറയുന്നു.
കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്‍റെ ഇരുപുറങ്ങളാണെന്നും ഇരു പാര്‍ട്ടികളുടെയും നയനിലപാടുകളില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. "കോണ്‍ഗ്രസിന്‍റെ നയങ്ങളാണ് വിനാശം കൊണ്ടു വന്നത്. ബി.ജെ.പി കഴിഞ്ഞ 15 വര്‍ഷം കൊണ്ട് ആ വിനാശത്തെ സമ്പൂര്‍ണമാക്കി. ഗ്രാമഗ്രാമാന്തരം തകര്‍ച്ച സമ്പൂര്‍ണമായി മാറി," ദീപ് നാരായണ്‍ യാദവ് ആരോപിച്ചു.