സിഖ് വിരുദ്ധ കലാപക്കേസ്; ഒരാള്‍ക്ക് വധശിക്ഷ
|1984 ല്‍ ഡല്‍ഹിയിലെ മഹിപല്പൂരില് നടന്ന കലാപത്തിനിടെ സിഖ് യുവാക്കളായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരെ യശ്പാലും നരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
1984-ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ ആദ്യ വധശിക്ഷ വിധിച്ചു. ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യശ്പാല്‍ സിങിനാണ് വധശിക്ഷ. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷ വിധി. 1984 ല്‍ ഡല്‍ഹിയിലെ മഹിപല്പൂരില് നടന്ന കലാപത്തിനിടെ സിഖ് യുവാക്കളായ ഹര്‍ദേവ് സിങ്, അവ്താര്‍ സിങ് എന്നിവരെ യശ്പാലും നരേഷും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. ഇന്ന് ശിക്ഷ വിധിക്കാന്‍ നിശ്ചിയിച്ചതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോടതിക്കു മുന്നില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കി.
ഹര്‍ദേവ് സിങിന്റെ സഹോദരന് സന്തോഖ് സിങ് ഡല്‍ഹി പൊലീസിന് നല്കിയ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസാണിത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി 1994-ല്‍ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 2015 ല്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷണം നടത്തുകയായിരുന്നു. ആകെയുള്ള 293 കേസുകളില്‍ 60 എണ്ണത്തില്‍ അന്ന് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ശിക്ഷ വിധിക്കുന്ന ആദ്യത്തെ കേസ് കൂടിയാണിത്.
പ്രതിക്ക് വധശിക്ഷ വിധിച്ചതോടെ ഇരകള്‍ക്ക് നീതി ലഭ്യമായെന്നും എന്‍.ഡി.എ സര്‍ക്കാരിന്റെ നേട്ടമാണിതെന്നും കേന്ദ്ര മന്ത്രി ഹര്സിംറത്ത്കൌര് ബാദല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984 ല്‍ വിവിധ സംസ്ഥാനങ്ങളിലായി നടന്ന കലാപത്തില്‍ ആകെ 2800 പേര് കൊല്ലപ്പെട്ടുവെന്നാണ് അനൌദ്യോഗിക കണക്ക്.