ജമ്മുകശ്മീര്‍ ഗവര്‍ണര്‍ പദവിയിലെത്തിയിട്ട് മൂന്ന് മാസം: ആരാണ് സത്യപാല്‍ മാലിക്
|പി.ഡി.പിയും എൻ.സിയും കോൺഗ്രസും ചേർന്നു ജമ്മു കശ്മീരിൽ സഖ്യസർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
ആരാണ് മൂന്നേ മൂന്ന് മാസങ്ങള്‍ക്ക് മുമ്പു മാത്രം ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിതനായ സത്യപാല്‍ മാലിക്? പി.ഡി.പിയും എൻ.സിയും കോൺഗ്രസും ചേർന്നു ജമ്മു കശ്മീരിൽ സഖ്യസർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന വാർത്തകൾക്കു പിന്നാലെയാണ് ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്. നീക്കത്തിനു പിന്നിൽ ബി.ജെ.പിയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
ബിഹാര്‍ ഗവര്‍ണറായിരിക്കെയാണ് സത്യപാല്‍ മാലിക് ജമ്മുകശ്മീര്‍ ഗവര്‍ണറായി നിയമിതനാകുന്നത്. കശ്മീരിലെ നിലവിലുണ്ടായിരുന്ന ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു സത്യപാല്‍ മാലികിന്റെ നിയമനം. ബി.ജെ.പി മുൻ ദേശീയ ഉപാധ്യക്ഷനായിരുന്നു സത്യപാൽ മാലിക്. 2017 സെപ്തംബറിലാണ് ബിഹാർ ഗവർണറായി അദ്ദേഹം പദവിയേറ്റത്. മുൻ കേന്ദ്രമന്ത്രിയായിരുന്ന ഇദ്ദേഹം രണ്ട് തവണ രാജ്യസഭാ അംഗം കൂടിയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി എന്‍.എന്‍ വോറയായിരുന്നു ജമ്മു-കശ്മീർ ഗവർണർ. കഴിഞ്ഞ യു.പി.എ സർക്കാർ കശ്മീർ ഗവർണറായി നിയമിച്ച വോറയെ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയിട്ടും മാറ്റിയിരുന്നില്ല. 2018 ജൂണ്‍ 28ന് തന്നെ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞിരുന്നു. എന്നിട്ടും അമര്‍നാഥ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കുകയും ചെയ്തു.
2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. എന്നാല്‍ കത്‍വ കൂട്ടബലാസംഗം വിവാദമായതിന് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ബി.ജെ.പി, സര്‍ക്കാരിനുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് മെഹബൂബ മുഫ്തി സർക്കാരിന് രാജിവെക്കേണ്ടി വരികയും കഴിഞ്ഞ ജൂൺ 20 മുതൽ സംസ്ഥാനം ഗവർണർ ഭരണത്തിലാകുകയും ചെയ്തിരുന്നു. അതേസമയം, അന്ന് നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം മുൻമുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി കോൺഗ്രസിന്റെയും നാഷ്ണൽ കോൺഫറൻസിന്റെയും പിന്തുണയോടെ സർക്കാർ രൂപവത്കരിക്കാൻ അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് ഗവർണറുടെ ഭാഗത്തുനിന്ന്
നാടകീയ നീക്കമുണ്ടായത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമുന്നയിച്ച്
പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഗവർണർക്ക് കത്ത് നൽകുകയായിരുന്നു. കത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന്
ട്വിറ്ററിൽ കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെയാണ് ഗവര്‍ണര്‍
നിയമസഭ പിരിച്ചുവിട്ടത്.
ഭരണഘടന വകുപ്പുകൾ പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് നിയമസഭ പിരിച്ചുവിടുന്നതെന്ന്
ഗവർണർ ഔദ്യോഗിക വാർത്തക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇപ്പോഴത്തെ സഖ്യത്തിനാവില്ലെന്നും ശരിയായ സമയത്ത് ഒരു തെരഞ്ഞെടുപ്പ് നടത്തുകയും അതുവഴി സംസ്ഥാനത്തിന് സ്ഥിരതയും സുരക്ഷയും ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നുമാണ് ഗവര്‍ണറുടെ വാദം.
ഡിസംബർ 18 വരെയാണ് ഗവർണർ ഭരണത്തിന്റെ കാലാവധി. ഇത് അവസാനിക്കുന്നതോടുകൂടി സംസ്ഥാനം നേരിട്ട് കേന്ദ്രഭരണത്തില്‍ കീഴിലാകും.
റാം മനോഹര്‍ ലോഹ്യയുടെ രാഷ്ടീയത്തില്‍ ആകൃഷ്ടനായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സത്യപാല്‍ മാലിക് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. മീററ്റ് സര്‍വകലാശാലയിലെ സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി നേതാവില്‍ തുടങ്ങി ഇന്ത്യൻ നാഷണൻ കോൺഗ്രസ്സിലെത്തുകയും പിന്നീട് ബി.ജെ.പിയിൽ ഉന്നത സ്ഥാനങ്ങള്‍ ഉള്‍പ്പെടെ വഹിച്ച ശേഷമാണ് ബീഹാർ, ജമ്മു കശ്മീർ ഗവര്‍ണര്‍ പദവിയിലേക്ക് എത്തുന്നത്. അതായത് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തി കൂടിയാണ് സത്യപാല്‍ മാലിക്ക് എന്ന് സാരം.
1971 ല്‍ ഭാരതീയ ക്രാന്തി ദള്‍ പ്രതിനിധിയായി ഉത്തര്‍ പ്രദേശിലെ ഭാഗ്പത്തില്‍ നിന്നുള്ള എം.എല്‍.എ. 1984ല്‍ കോണ്‍ഗ്രസ് സീറ്റില്‍ രാജ്യ സഭാംഗം. പക്ഷേ മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം ബോഫോഴ്‌സ് കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവെയ്ക്കേണ്ടിവന്നു. 1988ല്‍ വി.പി സിങ്ങ് നേതൃത്വം നല്‍കുന്ന ജനതാദളിന്റെ ഭാഗമായി, 1989ല്‍ അലിഗഡില്‍ നിന്നും എം.പിയായി. 1990 ഏപ്രില്‍ 21 മുതല്‍ നവംബര്‍ 10 വരെ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയുമായിരുന്നു അദ്ദേഹം.
15 വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ലാണ് സത്യപാല്‍ മാലിക് ബിജെപി പാളയിലെത്തുന്നത്. വീണ്ടും ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും മുന്‍ പ്രധാനമന്ത്രി ചരണ്‍സിങ്ങിന്റെ പുത്രന്‍ അജിത്ത് സിങിനോട് പരാജയപ്പെട്ടു. പക്ഷേ, സുപ്രധാന പദവികള്‍ നല്‍കി പാര്‍ട്ടി അദ്ദേഹത്തെ കൂടെനിര്‍ത്തി. ബി.ജെ.പി കിസാന്‍ മോര്‍ച്ചയുടെ ചുമതലയുള്ളപ്പോഴാണ് 2017 ഒക്ടോബര്‍ 4 ന് ബീഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക് നിയമിക്കപ്പെടുന്നത്.
ये à¤à¥€ पà¥�ें- നീക്കം സ്ഥിരതയുള്ള സര്‍ക്കാരിന്: നിയമസഭ പിരിച്ചുവിട്ടതിനെ ന്യായീകരിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍
ये à¤à¥€ पà¥�ें- ജമ്മു കശ്‍മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു
51 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരിന് രാഷ്ട്രീയക്കാരനായ ഒരു ഗവര്‍ണറെ ലഭിച്ചിരിക്കുന്നത്, 72 കാരനായ സത്യപാല്‍ മാലിക്. മുന്‍ ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍. 1967 ല്‍ ഗവര്‍ണറായിരുന്ന കരണ്‍ സിംഗായിരുന്നു മുമ്പ് കശ്മീരിന് ലഭിച്ച രാഷ്ട്രീയക്കാരനായ ഗവര്‍ണര്‍. സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മുന്‍ പോലീസ് ഓഫീസര്‍മാര്‍, നയതന്ത്രജ്ഞര്‍, സിവില്‍ സർവീസുകാർ, ആര്‍മി ജനറല്‍മാര്‍ എന്നിവരായിരുന്നു ഇതിനിടയിലുള്ള കാലയളവില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍മാരായി നിയോഗിക്കപ്പെട്ടിരുന്നത്. എന്നാൽ വെറും മൂന്നുമാസങ്ങള്‍ക്ക് മുമ്പ് വ്യക്തമായ രാഷ്ട്രീയനിലപാടുള്ള ഒരു ഗവര്‍ണറെ സംസ്ഥാനത്തിന്റെ ചുമതല നല്‍കുമ്പോള്‍ അതിന് പിന്നിലെ രാഷ്ട്രീയ നീക്കം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.