ഗുജറാത്തില്‍ ഇനി ഉയരുന്നു, കൂറ്റന്‍ ബുദ്ധപ്രതിമ
|80 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറിലായിരിക്കും പ്രതിമാ നിര്‍മ്മാണം.
182 മീറ്റര്‍ ഉയരത്തിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ, സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഗുജറാത്ത് ബുദ്ധപ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നു. ബുദ്ധ സംഘടനയായ സംഘകായ ഫൗണ്ടേഷനാണ് പ്രതിമ നിര്‍മ്മാണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.
80 മീറ്റര്‍ ഉയരത്തിലാണ് പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഗുജറാത്തിലെ ഗാന്ധി നഗറിലായിരിക്കും പ്രതിമാ നിര്‍മ്മാണം. ബുദ്ധ പ്രതിമ നിര്‍മ്മിക്കാന്‍ ഗാന്ധിനഗറില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംഘകായ ഫൗണ്ടേഷന് സര്‍ക്കാരിനെ സമീപിച്ചിട്ടുള്ളത്. കൂടാതെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയുടെ ശില്പിയായ രാം സുദാറിനെയും പ്രതിമ നിര്‍മ്മാണത്തിനായി സംഘടനാ പ്രതിനിധികള്‍ സമീപിച്ചിട്ടുണ്ട്.
പ്രതിമ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഉടന്‍ ഭൂമി അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘടനാ പ്രസിഡന്റ് ഭാണ്ഡെ പ്രശില് രത്ന പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ ഗുജറാത്തില്‍ ഒരു ബുദ്ധിസ്റ്റ് സര്‍വകലാശാല സ്ഥാപിക്കാനും വടക്കന്‍ ഗുജറാത്തിലെ സബര്‍കാന്ത് ജില്ലയില്‍ ദേവ് നി മോരി ബൗദ്ധ പുരാവസ്തു കേന്ദ്രത്തിന് സമീപം ഒരു ബുദ്ധ സ്മാരകം നിര്‍മ്മിക്കാനും സംഘടനയ്ക്ക് പദ്ധതിയുളളതായും രത്ന കൂട്ടിച്ചേര്‍ത്തു.
ബീഹാറിലും ഉത്തര്‍പ്രദേശിലും, മറ്റു വടക്കന്‍ സംസ്ഥാനങ്ങളിലുമെല്ലാം പുരാതന ബുദ്ധ ക്ഷേത്രങ്ങളുണ്ട്. അതുപോലെ ഗുജറാത്തിലും വേണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. നളന്ദയും തക്ഷശിലയും പോലെ ഗുജറാത്തിലെ ഭാവ്നഗറില്‍ വല്ലഭി എന്ന പേരില്‍ വലിയ ഒരു ബുദ്ധ സര്വകലാശാലയുണ്ടായിരുന്നു എന്നതിന് ചൈനീസ് സഞ്ചാരികളുടെ റിപ്പോര്‍ട്ട് തെളിവാണെന്നും പ്രശില് രത്ന പറഞ്ഞു.