രാജ്യത്ത് ടെലിവിഷന്‍ പരസ്യം നല്‍കുന്നതില്‍ ബി.ജെ.പി ഒന്നാമത്; ഒഴുക്കുന്നത് കോടികള്‍
|ഇന്ത്യയില്‍ എല്ലാ ചാനലുകള്‍ക്കും ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ 10 ബ്രാന്‍ഡുകള്‍ അഥവാ കമ്പനികള്‍, അവയിലാണ് ബി.ജെ.പിക്ക് ഒന്നാം സ്ഥാനമുള്ളത്.
നിര്‍ണ്ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ തുടങ്ങിയതോടെ രാജ്യത്ത് ടെലിവിഷന്‍ പരസ്യം നല്‍കുന്നതില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. കോടികളുടെ പരസ്യം നല്‍കി നെറ്റ്ഫ്ലിക്സ് അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ പോലും കഴിഞ്ഞ ആഴ്ച ബി.ജെ.പി മറികടന്നു. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ കണക്കിലാണ് ഇക്കാര്യമുള്ളത്.
ഇന്ത്യയില്‍ എല്ലാ ചാനലുകള്‍ക്കും ഏറ്റവും കൂടുതല്‍ പരസ്യം നല്‍കിയ 10 ബ്രാന്‍ഡുകള്‍ അഥവാ കമ്പനികള്‍, അവയിലാണ് ബി.ജെ.പിക്ക് ഒന്നാം സ്ഥാനമുള്ളത്. ഈ മാസം 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ടി.വി ചാനലുകളില്‍ ബി.ജെ.പി പരസ്യം സംപ്രേഷണം ചെയ്യപ്പെട്ടത് 22,099 തവണ. നെറ്റ്ഫ്‌ളിക്‌സ്, കോള്‍ഗേറ്റ്‍, ആമസോണ്‍, ട്രിവാഗോ, സന്ദുര്‍, ഡെറ്റോള്‍ തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളെല്ലാം ബി.ജെ.പിക്ക് പിറകില്‍. കോണ്‍ഗ്രസ് ആദ്യം പത്തില്‍ ഇടം നേടിയിട്ടില്ല. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബി.ജെ.പി കോര്‍പ്പറേറ്റുകളെ പോലും പിന്തള്ളുന്ന തരത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
16 ാം തിയ്യതി വരെയുള്ള തൊട്ട് മുമ്പത്തെ ആഴ്ച ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. എന്നാല്‍ 20 ാം തിയ്യതി ഛത്തീസ്ഘഡ് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് നടന്നു. അതിന് മുന്നോടിയായി പരസ്യത്തിന് കൂടുതല്‍ പണം ചെലവാക്കിയതാണ് ബി.ജെ.പിയെ ഈ ആഴ്ച ഒന്നാം സ്ഥാനത്തെത്തിച്ചത്.