നര്‍മ്മദാ നദി മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം
|തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നദീ തീരത്തു കൂടെ യാത്രകള്‍ നടത്തിയത്.
നര്‍മ്മദാ നദി മധ്യപ്രദേശിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നദീ തീരത്തു കൂടെ യാത്രകള്‍ നടത്തിയത്. അനധികൃത മണല്‍ ഖനനവും നദീതീരത്തെ ഘാട്ടുകളുടെ ശോച്യവാവസ്ഥയും കോണ്‍ഗ്രസ് ചര്‍ച്ചാ വിഷയമാക്കുമ്പോള്‍ നര്‍മ്മദാ നദീജലം എല്ലാ വില്ലേജുകളിലേക്കും എത്തിക്കുന്നതിനെ കുറിച്ചാണ് ബി.ജെ.പി പറയുന്നത്.
സംസ്ഥാനത്തെ 50 അസംബ്ലി നിയോജക മണ്ഡലങ്ങളിലൂടെയാണ് നര്‍മ്മദ നദി കടന്നു പോകുന്നത്. കാര്‍ഷിക പ്രക്ഷോഭങ്ങള്‍ സജീവമായ ഖണ്ട്‌വ, കര്‍ഗാംവ്, സിഹോര്‍, ഹര്‍ദ, നരസിംഹപൂര്‍, ഹോഷംഗാബാദ് തുടങ്ങിയ ജില്ലകളൊക്കെ നര്‍മ്മദയുടെ ഓരം ചേര്‍നന ജില്ലകളാണ്. ആത്മീയവും കാര്‍ഷികവും നിത്യജീവിതപരവുമായ നിരവധി മേഖലകളില്‍ നര്‍മ്മദയുടെ പ്രാധാന്യം എടുത്തു പറയുമ്പോഴും മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയക്കാരുടെ ജീവരേഖ കൂടിയാണ് ഈ നദി. നദീജലം വഴിതിരിച്ചു വിടുന്നതും അശാസ്ത്രീയമായ ഡാമുകളുടെ നിര്‍മ്മാണവും മാത്രമല്ല മണല്‍ മാഫിയയും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നദിയുടെ നടുവൊടിക്കുന്നുണ്ട്. നര്‍മ്മദയിലെ ഏറ്റവും കൊടിയ മണലൂറ്റ് കേന്ദ്രങ്ങളിലൊന്നു കൂടിയാണ് മുഖ്യമന്ത്രി ചൗഹാന്റെ മണ്ഡലമായ ബുധ്‌നി. മുഖ്യമന്ത്രിയുടെ ബന്ധുക്കളുള്‍പ്പടെയുള്ള ഏതാനും പേരാണ് മേഖലയിലെ മൊത്തം മണല്‍ വ്യാപാരം നിയന്ത്രിക്കുന്നതെന്നും ആരോപണമുണ്ട്.
നദിക്കരയിലെ എല്ലാ ഘാട്ടുകളിലും ട്രക്കുകളും ട്രാക്ടറുകളും മണലൂറ്റുന്നത് ഇഷ്ടം പോലെ നിങ്ങള്‍ക്ക് കാണാനാവും. അവര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ ഒത്താശയുണ്ട്. ഒരു റോയല്‍റ്റിയും സര്‍ക്കാറിന് നല്‍കുന്നില്ല.