ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍: രാമക്ഷേത്രം നിര്‍മ്മാണത്തിന് സമ്മര്‍ദ്ദം ശക്തമാക്കി ശിവസേന
|ഉദ്ധവ് താക്കറെയും അനുയായികളും അയോദ്ധ്യയിലെത്തി; നാളെ ലക്ഷം പേര് പങ്കെടുക്കുന്ന സമ്മേളനം
രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദ്ദവുമായി ശിവസേന അയോധ്യയില്‍. സേന നേതാവ് ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകരും അയോധ്യയിലെത്തി. നാളെ രണ്ട് ലക്ഷം പേര് പങ്കെടുക്കുന്ന സമ്മേളനം അയോധ്യയില്‍ സംഘടിപ്പിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യം ക്ഷേത്രം, പിന്നെ സര്‍ക്കാര്‍ എന്നാണ് മാര്‍ച്ചില്‍ ശിവസേന ഉയര്‍ത്തുന്ന മുദ്രാവാക്യം. രാമക്ഷേത്ര നിര്‍മാണം എന്‍.ഡിഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും എന്നാല്‍ ബി.ജെ.പി അതിന് താല്പര്യമെടുക്കുന്നില്ലെന്നുമാണ് ശിവസേനയുടെ ആക്ഷേപം.
''ആദ്യം ക്ഷേത്രം പിന്നെ സര്‍ക്കാര്‍, ഓരോ ഹിന്ദുവിനും മുന്നോട്ടുവയ്ക്കാനുള്ള ആവശ്യമിതാണെന്നും'' - ശിവസേന മേധാവി ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഇന്ന് മഹാരാഷ്ട്രയിലൊട്ടാകെ 'മഹാപൂജ' നടത്താന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. കൂടാതെ രാജ്യത്ത് സേനയുടെ സാന്നിധ്യമുള്ളയിടങ്ങളിലെല്ലാം പൂജ നടത്താനാണ് ശിവസേനയുടെ തീരുമാനം.
രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പേരില്‍ നേരത്തേത്തന്നെ ബി.ജെ.പിക്കെതിരെ ശിവസേന പരസ്യമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പി വാഗ്ദാനം നല്കി വഞ്ചിക്കുകയായിരുന്നുവെന്നും ലോകം മുഴുവന്‍ കറങ്ങുന്ന നരേന്ദ്ര മോദി അയോധ്യയിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും ഉദ്ധവ് താക്കറെ വിമര്‍ശമുയര്‍ത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ വിഷയം സജീവമാക്കാന്‍ ബി.ജെ.പി രംഗത്തിറങ്ങിയിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ നിർമാണത്തിനായുള്ള തീയതി അറിയിക്കാനും വിജ്ഞാപനം പുറപ്പെടുവിക്കാനും ബി.ജെ.പി വൈകുന്നത് എന്തുകൊണ്ടാണെന്ന് സംഘടനയുടെ മുഖപത്രം സാമ്നയും ചോദ്യം ചെയ്യുന്നു. ശിവസേന രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ബി.ജെ.പി ഭയക്കുന്നുവെന്നും സാമ്നയിലൂടെ ശിവസേന കുറ്റപ്പെടുത്തുന്നുണ്ട്.
ശിവസേന നേതാവ് ഉദ്ധവ് താക്കറെ അയോദ്ധ്യയിൽ നടത്താനിരുന്ന റാലിക്ക് യു.പി സർക്കാർ ആദ്യം അനുമതി നൽകിയിരുന്നില്ല. ഇതിനു പിന്നാലെയാണ് മുഖ പത്രത്തിൽ വിമർശനം വന്നത്.