India
രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍  ഇടപെടണമെന്ന് ഉദ്ധവ് താക്കറെ
India

രാമക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ഉദ്ധവ് താക്കറെ

Web Desk
|
24 Nov 2018 2:54 PM GMT

എന്‍.ഡി.എ പ്രകടന പത്രികയിലെ വാഗ്ദാനമായ രാമക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ഉദ്ധവ് ആവശ്യപ്പെട്ടു.

രാമക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന് ബി.ജെ.പിയോട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിനായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തണമെന്നും അയോധ്യയിലെത്തിയ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. അയോധ്യയില്‍ നാളെ ശിവസേനയും വി.എച്.പിയും പ്രത്യേകം സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ‘ആദ്യം ക്ഷേത്രം, സര്‍ക്കാര്‍ പിന്നീട്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ശിവസേനയുടെ അയോധ്യ സമ്മേളനം.‌‌‌

അയോധ്യയിലെത്തിയ ശിവസേന മേധാവി ഉദ്ധവ് താക്കറെ രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍കയ്യെടുക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. എന്‍.ഡി.എ പ്രകടന പത്രികയിലെ വാഗ്ദാനമായ രാമക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ഉദ്ധവ് ആവശ്യപ്പെട്ടു. കുടുംബത്തോടൊപ്പം സരയൂ നദിക്കരയില്‍ പ്രത്യേക പൂജ നടത്തിയ ഉദ്ധവ് താക്കറെ രാമക്ഷേത്രത്തിനായി വാദിക്കുന്ന സന്യാസിമാരെയും കണ്ടു.

ആയിരക്കണക്കിന് ശിവസനേ പ്രവര്‍ത്തകര്‍ അയോധ്യയിലെത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വേരൂന്നാനുള്ള ശിവസേനയുടെ രാഷ്ട്രീയനീക്കം കൂടിയായാണ് അയോധ്യ മാര്‍ച്ച്. വി.എച്.പിയും ധര്‍മ്മ സഭ എന്ന പേരില്‍ നാളെ അയോധ്യയില്‍ സന്യാസി സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ലക്ഷത്തിലധികം പേര്‍ അയോധ്യയിലെത്തുമെന്ന സൂചനയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അയോധ്യയിലും പരിസരത്തുമുള്ളത്. നിരോധനാജ്ഞ നിലവിലുണ്ട്. പൊലീസിന് പുറമെ സി.ഐ.എസ്.എഫും സുരക്ഷാ ചുമതലയിലുണ്ട്.

Similar Posts