തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് ആവേശം വിതച്ച് സോണിയാ ഗാന്ധി
|ദൌര്‍ഭാഗ്യവശാല്‍ സ്വാര്‍ത്ഥരുടെ കൈകളിലാണ് തെലങ്കാനയുടെ ഉത്തരവാദിത്തം ഇതുവരെ ഏല്‍പിക്കപ്പെട്ടതെന്ന് മെഡ്ചല്‍ മണ്ഡലത്തിലെ റാലിയില്‍ സോണിയ പറഞ്ഞു.
തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രചരണത്തിന് ആവേശം വിതച്ച് സോണിയാ ഗാന്ധി . ദൌര്‍ഭാഗ്യവശാല്‍ സ്വാര്‍ത്ഥരുടെ കൈകളിലാണ് തെലങ്കാനയുടെ ഉത്തരവാദിത്തം ഇതുവരെ ഏല്‍പിക്കപ്പെട്ടതെന്ന് മെഡ്ചല്‍ മണ്ഡലത്തിലെ റാലിയില്‍ സോണിയ പറഞ്ഞു. തെലുങ്കാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് സോണിയ സംസ്ഥാനത്ത് ഒരു പൊതു പരിപാടിക്കെത്തുന്നത്.
ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതു പരിപാടികളില്‍ നിന്നും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്നും മാസങ്ങളായി വിട്ട് നില്‍ക്കുകയായിരുന്നു സോണിയാ ഗാന്ധി. തെലങ്കാന രൂപീകരിച്ച 2014 ജൂണിന് ശേഷം സംസ്ഥാനത്ത് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തിട്ടുമില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് മെഡ്ചലിലെ കോണ്‍ഗ്രസ് റാലിയില്‍ സോണിയയുടെ സാന്നിധ്യം ശ്രദ്ധേയമായത്. ജനങ്ങളെ അവഗണിച്ച് സ്വന്തം കാര്യം നോക്കുന്നവരുടെ കൈകളിലാണ് തെലങ്കാനയുടെ ഉത്തവാദിത്തം ഇതുവരെ ഏല്‍പിക്കപ്പെട്ടതെന്ന് ടി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര്‍ റാവുവിന്റെ പേര് പരാമര്‍ശിക്കാതെ സോണിയ ആരോപിച്ചു.
തെലങ്കാന സംസ്ഥാന രൂപീകരണ ആവശ്യം ആദ്യം ഉയര്‍ന്നപ്പള്‍ തൊട്ട് താനും സോണിയാ ഗന്ധിയും ഒപ്പമുണ്ടായിരുന്നന്ന് റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു. സി.ബി.ഐ തര്‍ക്കത്തില്‍ ആരോപണവിധേയനായ വ്യവസായി സതീഷ് സനയുമായുള്ള അടുപ്പത്തെ തുടര്‍ന്ന് വിവാദത്തിലായ കെ.ലക്ഷ്മണ റെഡ്ഡിയാണ് മെഡ്ചല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.