‘തെലങ്കാനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്കാന് അനുവദിക്കില്ല’ അമിത് ഷാ
|മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരുവിധ സംവരണവും ബി.ജെ.പി നടപ്പിലാക്കില്ലെന്നും മറ്റാരെയും അത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അമിത്ഷാ.
തെലങ്കാനയില്‍ ന്യൂപക്ഷങ്ങള്ക്കായി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്ന 12% സംവരണം അനുവദിക്കില്ലെന്ന് ബി.ജെ.പി തലവന്‍ അമിത് ഷാ. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ.
മതത്തിന്റെ അടിസ്ഥാനത്തില്‍ യാതൊരുവിധ സംവരണവും ബി.ജെ.പി നടപ്പിലാക്കില്ലെന്നും മറ്റാരെയും അത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു അമിത്ഷായുടെ വാക്കുകള്‍. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കാനായി ആരുടെ ക്വാട്ടയാണ് വെട്ടിക്കുറക്കുന്നതെന്ന് തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്.എസ്) വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവർഗ- പിന്നാക്ക വിഭാഗങ്ങൾ എന്നിവരുടെ സംവരണം സംരക്ഷിക്കുന്നതിനായി ബി.ജെ.പി പാറ പോലെ നിലകൊള്ളുമെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ സംവരണ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്.എസ്) പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു രംഗത്ത് വന്നിരുന്നു. മുസ്ലിംകള്ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി അനുമതി നല്‍കുന്നില്ലെന്ന് ചന്ദ്ര ശേഖര റാവു ആരോപിച്ചിരുന്നു.