India
അയോധ്യയും രാമവിഗ്രഹവും: ‘ദൈവിക’ ഇടപെടലോ ഹിന്ദുത്വ അജണ്ടയോ?
India

അയോധ്യയും രാമവിഗ്രഹവും: ‘ദൈവിക’ ഇടപെടലോ ഹിന്ദുത്വ അജണ്ടയോ?

കൃഷ്ണ ജാ, ധിരേന്ദ്ര കെ.ജാ
|
26 Nov 2018 4:46 AM GMT

കൃഷ്ണ ജായും ധിരേന്ദ്ര കെ. ജായും ചേര്‍ന്നെഴുതിയ ‘അയോധ്യ: കറുത്ത ചരിത്രം’ എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം. ഒരു രാത്രി കൊണ്ട് ബാബരി മസ്ജിദ് ക്ഷേത്രമായി മാറിയതിന്റെ ചരിത്രസാക്ഷ്യമാണിത്.

നേരം വെളുക്കാറായിരുന്നെങ്കിലും അയോധ്യ ഉറക്കത്തില്‍ തന്നെയായിരുന്നു. പെട്ടെന്നാണ് ഹനുമാന്‍ഗര്‍ഹിയില്‍ നിന്ന് ഒരു യുവ സന്യാസി ഓടിക്കിതച്ചുകൊണ്ട് അയോധ്യയില്‍ പ്രവേശിച്ചത്. അയോധ്യയിലെ അഞ്ഞൂറോളം വരുന്ന സന്യാസിമാര്‍ താമസിക്കുന്ന ഒരു ഹിന്ദു സങ്കേതമാണ് ഹനുമാന്‍ഗര്‍ഹി. സത്യേന്ദ്ര ദാസിനെ മരണശയ്യയില്‍ കിടക്കുന്ന അദ്ദേഹത്തിന്റെ ഗുരു അഭിരാം ദാസിന് മുന്നില്‍ ഹാജരാക്കലായിരുന്നു ആ സന്യാസിയുടെ കര്‍ത്തവ്യം. ദീര്‍ഘകാലത്തോളം അഭിരാംദാസിന്റെ കൂടെയായിരുന്നു സത്യേന്ദ്രദാസിന്റെ ജീവിതം. ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഡിസംബറില്‍ അഭിരാംദാസിന്റെ നേതൃത്വത്തിലാണ് ഒരുകൂട്ടം ഹിന്ദുക്കള്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചത്.

1949 ഡിസംബര്‍ 23നാണ് രാമവിഗ്രഹത്തെ ബാബരി മസ്ജിദില്‍ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിരാം ദാസിനെ അയോധ്യ പോലീസ് ഒന്നാം പ്രതിയായി പ്രഖ്യാപിക്കുന്നത്.

ഗുരുവിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ സത്യേന്ദ്രദാസ് യുവസന്യാസിയോടൊപ്പം പുറപ്പെടുകയായിരുന്നു. ആശ്രമത്തിലെത്തിയ അദ്ദേഹം അഭിരാംദാസിന്റെ ചലനമറ്റ ശരീരമാണ് കണ്ടത്. ഏതാനും സന്യാസിമാര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ആരും ഒന്നും സംസാരിച്ചിരുന്നില്ല. വൈകാതെത്തന്നെ മരണാനന്തര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

1949 ഡിസംബര്‍ 23നാണ് രാമവിഗ്രഹത്തെ ബാബരി മസ്ജിദില്‍ സ്ഥാപിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിരാം ദാസിനെ അയോധ്യ പോലീസ് ഒന്നാം പ്രതിയായി പ്രഖ്യാപിക്കുന്നത്. അതേത്തുടര്‍ന്ന് അദ്ദേഹം കോടതി വിചാരണക്ക് വിധേയമായെങ്കിലും കേസൊന്നും ചുമത്തപ്പെട്ടിരുന്നില്ല. അയോധ്യയിലെ ഒട്ടുമിക്ക ഹിന്ദുക്കളും അദ്ദേഹത്തെ രാമജന്‍മഭൂമി ഉദ്ദാരക് (രാമന്റെ ജന്‍മഭൂമിയെ സംരക്ഷിക്കുന്നവന്‍) എന്നാണ് വിശേഷിപ്പിക്കുന്നത്.

അതേസമയം 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട സംഭവം ഇപ്പോള്‍ സകലരും മറന്ന മട്ടാണ്. രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നും രാമന്‍ സ്വയം തന്നെ തന്റെ ജന്‍മസ്ഥലത്ത് അവതരിക്കുകയായിരുന്നെന്നുമുള്ള ആര്‍.എസ്.എസിന്റെ അവകാശവാദത്തെ ഒട്ടുമിക്ക ഹിന്ദുക്കളും അംഗീകരിക്കുന്നുണ്ട്. അഭിരാംദാസിനെ നിയമത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു ആര്‍.എസ്.എസിന്റെ ലക്ഷ്യം. അയോധ്യയില്‍ ഒന്നടങ്കം രാമന്‍ പ്രത്യക്ഷപ്പെട്ടതിനെ വിശദീകരിക്കുന്ന ലഘുലേഖകള്‍ അന്നവര്‍ വിതരണം ചെയ്യുകയുണ്ടായി. അങ്ങനെ അഭിരാംദാസും കൂട്ടാളികളും നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അയോധ്യയിലിപ്പോഴും അഭിരാംദാസ് രാമജന്‍മഭൂമി ഉദ്ദാരക് ആയിത്തന്നെയാണ് അറിയപ്പെടുന്നത്.

അതേസമയം 1949 ഡിസംബറില്‍ ബാബരി മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട സംഭവം ഇപ്പോള്‍ സകലരും മറന്ന മട്ടാണ്. രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നും രാമന്‍ സ്വയം തന്നെ തന്റെ ജന്‍മസ്ഥലത്ത് അവതരിക്കുകയായിരുന്നെന്നുമുള്ള ആര്‍.എസ്.എസിന്റെ അവകാശവാദത്തെ ഒട്ടുമിക്ക ഹിന്ദുക്കളും അംഗീകരിക്കുന്നുണ്ട്.

1981ലെ അഭിരാംദാസിന്റെ മരണം അയോധ്യയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്വാതന്ത്ര്യാനന്തരമുള്ള ദിവസങ്ങളില്‍ അതായിരുന്നില്ല അയോധ്യയിലെ സ്ഥിതി. സംഘ്പരിവാര്‍ സംഘടനകളും അഭിരാംദാസിനെപ്പോലെയുള്ള ഹൈന്ദവ നേതാക്കന്‍മാരും വന്‍തോതിലുള്ള സമുദായ സംഘര്‍ഷങ്ങള്‍ക്കാണ് അന്ന് അയോധ്യയില്‍ തിരികൊളുത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ മതേതര പദ്ധതിയെ തുരങ്കംവെക്കാനുള്ള സുവര്‍ണ്ണാവസരമായാണ് അവര്‍ സ്വാതന്ത്ര്യാനന്തര ദിനങ്ങളെ കണ്ടത്.

1948 ജനുവരി 30നാണ് മഹാത്മാ ഗാന്ധി സംഘ്പരിവാറിന്റെ കൊലക്കത്തിക്കിരയാകുന്നത്. നാഥുറാം ഗോഡ്‌സെയായിരുന്നു ഗാന്ധിഘാതകനെങ്കിലും വി.ഡി സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുമഹാസഭയുടെ നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയായിരുന്നു ഗാന്ധിയെന്ന് പിന്നീട് തെളിഞ്ഞതാണ്.

ഹിന്ദുമഹാസഭയുടെ ഗൂഢാലോചനയുടെ ഭാഗം തന്നെയായിരുന്നു ഗാന്ധിവധത്തിന് ശേഷം 1949 ഡിസംബര്‍ 23ന് നടന്ന ബാബരി മസ്ജിദ് അധിനിവേശം. ഗാന്ധിവധത്തോടെ സംഘ്പരിവാര്‍ ലക്ഷ്യമിട്ട വര്‍ഗീയ ധ്രുവീകരണത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അതും. രണ്ടും നടന്നത് ഹിന്ദുമഹാസഭയുടെ കാര്‍മികത്വത്തില്‍ തന്നെയായിരുന്നു. രാമക്ഷേത്രത്തിന്റെ പേരില്‍ വ്യാപകമായ ഹിന്ദു ഏകീകരണം സാധ്യമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

നാഥുറാം ഗോഡ്‌സെ

അതേസമയം രണ്ടു സംഭവങ്ങളിലും ഹിന്ദു വര്‍ഗീയവാദികള്‍ ഇടപെട്ട രീതിയിലും അതിനോടുള്ള കോണ്‍ഗ്രസ്സിന്റെ പ്രതികരണത്തിലും വ്യത്യാസങ്ങളുണ്ട്. മഹാത്മ പൊതുമധ്യത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടതെങ്കില്‍ അര്‍ധരാത്രിയിലാണ് ബാബരി മസ്ജിദ് ഒരു അമ്പലമായി പരിവര്‍ത്തിക്കപ്പെടുന്നത്. മാത്രമല്ല, ഗാന്ധിവധത്തോടുള്ള ഭരണകൂടത്തിന്റെ പ്രതികരണങ്ങള്‍ ഹിന്ദു മഹാസഭയുടെ നേതാക്കളെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. ഭരണകൂടവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നതായിരുന്നു അതിലൊന്ന്. അതിലൂടെ ഒരുപാട് രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കാമെന്ന് അവര്‍ കണക്കു കൂട്ടിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തെ തങ്ങളുടെ വരുതിയിലാക്കാനും അവര്‍ക്ക് സാധിക്കുകയുണ്ടായി. ഗാന്ധിവധത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സംഘ്പരിവാര്‍ നടപ്പിലാക്കിയ അയോധ്യ പദ്ധതി ഏറെ സൂക്ഷ്മതയോടെയായിരുന്നു. വലിയ തോതിലുള്ള ഹിന്ദു സംഘാടനം സാധ്യമാക്കിക്കൊണ്ടാണ് അവര്‍ മസ്ജിദ് അധിനിവേശം നടപ്പിലാക്കിയത്.

ബാബരി മസ്ജിദ് അധിനിവേശത്തിന് പിന്നിലുള്ള നിഗൂഢതയുടെ മറനീക്കാന്‍ ഇതുവരെ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല.

മാത്രമല്ല, ഗാന്ധിവധത്തിന് പിന്നിലുള്ള ഹിന്ദുത്വ ഗൂഢാലോചനയെ പുറത്തുകൊണ്ടുവരാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ ബാബരി മസ്ജിദ് അധിനിവേശത്തിന് പിന്നിലുള്ള നിഗൂഢതയുടെ മറനീക്കാന്‍ ഇതുവരെ ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു പ്രാദേശിക സന്യാസിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സാരമായ കുറ്റകൃത്യമായാണ് ബാബരി കൈയ്യേറ്റം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. എന്നാല്‍ ഗാന്ധിവധത്തിന് ശേഷം നഷ്ടപ്പെട്ട രാഷ്ട്രീയ സാധ്യതകളെ വീണ്ടെടുക്കാന്‍ ഹിന്ദുമഹാസഭ ആസൂത്രിതമായി നടത്തിയ ഒരു പദ്ധതിയായിരുന്നു അത് എന്നതാണ് യാഥാര്‍ത്ഥ്യം.

ഹിന്ദു മഹാസഭ അയോധ്യയില്‍ സ്വീകരിച്ച തന്ത്രത്തെ പുറത്തുകൊണ്ടുവരാന്‍ ഇതുവരെ ഒരു മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. ഒരൊറ്റ രാത്രി കൊണ്ടാണ് രാമവിഗ്രഹം സ്ഥാപിച്ചതിലൂടെ ഒരു മസ്ജിദ് അമ്പലമായി പരിവര്‍ത്തിക്കപ്പെട്ടത്. അയോധ്യയിലെ സംഘര്‍ഷത്തിന് യഥാര്‍ത്ഥ കാരണമായി ഭവിച്ച ആ സംഭവത്തെ എല്ലാ ഭരണകൂടങ്ങളും അവഗണിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ബാബരി മസ്ജിദിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഉറവിടം തന്നെ രാമവിഗ്രഹത്തിന്റെ സംസ്ഥാപനമാണ്. അതിനെക്കുറിച്ച് ഒരു ഗവേഷണവും ആരും നടത്തിയിട്ടില്ല.

രാമന്‍ ബാബരി മസ്ജിദില്‍ സ്വയം ‘പ്രത്യക്ഷപ്പെട്ടതിന്’ ശേഷം മസ്ജിദിന് പുറത്ത് അമ്പലം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ഹിന്ദുത്വ സംഘടനകള്‍ തുടങ്ങുകയുണ്ടായി. എന്നാല്‍ വിഗ്രഹങ്ങള്‍ മസ്ജിദില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതിന് ശേഷം മാത്രമാണ് നിയമപീഠം പ്രശ്‌നത്തില്‍ ഇടപെടുന്നത്. അപ്പോഴും 1949 ഡിസംബര്‍ 23ന് നടന്ന ഗൂഢാലോചനാ നീക്കത്തെക്കുറിച്ച് നിയമപീഢമോ മാധ്യമങ്ങളോ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അയോധ്യയിലെ പ്രാദേശിക ഹിന്ദി വീക്ക്‌ലിയായ വിരക്ത വിശദമായി ആ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും രാമന്‍ സ്വയം ബാബരി മസ്ജിദില്‍ പ്രത്യക്ഷപ്പെട്ടു എന്ന സംഘ്പരിവാര്‍ സിദ്ധാന്തമാണ് അതേറ്റെടുത്തത്.

ശ്രീരാം ജന്‍മഭൂമി കാ രോമാഞ്ച്കാരി ഇതിഹാസ (ശ്രീരാം ജന്‍മഭൂമിയുടെ കോരിത്തരിപ്പിക്കുന്ന ചരിത്രം) എന്ന പുസ്തകത്തിന്റെ കര്‍ത്താവായ രാംഗോപാല്‍ പാണ്ഡെ ഒരിക്കല്‍ ഹിന്ദിയില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. 'രാമജന്‍മഭൂമിയുടെ രക്തത്തില്‍ കുതിര്‍ന്ന ചരിത്രം' എന്നായിരുന്നു അതിന്റെ തലക്കെട്ട്. അയോധ്യയില്‍ അതിന് ഏറെ സ്വീകാര്യത ലഭിക്കുകയുണ്ടായി. വിരക്തയെപ്പോലെ ഈ ലഘുലേഖയും മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട സംഭവത്തെ ‘ദൈവിക’ ഇടപെടലായാണ് വിലയിരുത്തിയത്.

ഹിന്ദുത്വവാദികള്‍ ഈ സിദ്ധാന്തത്തെ വ്യാപകമായി ഏറ്റെടുക്കുകയും അതിലൂടെ ബാബരി കൈയ്യേറ്റത്തെ മറച്ചുപിടിക്കുകയുമാണ് ചെയ്തത്. ഒരു ഗവണ്‍മെന്റും യഥാര്‍ത്ഥ സംഭവത്തെക്കുറിച്ചറിയാന്‍ ഗൗരവതരമായ ഇടപെടലുകളൊന്നും നടത്തിയിട്ടില്ല. എന്തുകൊണ്ട് സത്യം പുറത്തുവന്നില്ല എന്ന ചോദ്യത്തിന് അന്ന് നിലനിന്നിരുന്ന അധികാര രാഷ്ട്രീയം അതിന് അനുവദിച്ചില്ല എന്നുതന്നെയാണ് ഉത്തരം. 1948 ല്‍ ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 1950ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മരണം വരെ കോണ്‍ഗ്രസില്‍ അധികാരത്തിന് വേണ്ടിയുള്ള വടംവലി രൂക്ഷമായിരുന്നു. പ്രധാനമായും പട്ടേലിന്റെ നേതൃത്വത്തിലുള്ള ഹിന്ദു യാഥാസ്ഥികരും നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മതേതരവാദികളും തമ്മിലാണ് പ്രധാനമായും ആശയ സംഘര്‍ഷം നിലനിന്നിരുന്നത്.

എന്തുകൊണ്ട് സത്യം പുറത്തുവന്നില്ല എന്ന ചോദ്യത്തിന് അന്ന് നിലനിന്നിരുന്ന അധികാര രാഷ്ട്രീയം അതിന് അനുവദിച്ചില്ല എന്നുതന്നെയാണ് ഉത്തരം.

ഗാന്ധിവധത്തിന് ശേഷം പ്രധാനമായും യു.പിയാണ് കോണ്‍ഗ്രസിലെ അധികാര വടംവലിയുടെ കേന്ദ്രമായി നിലനിന്നിരുന്നത്. അന്നത്തെ യു.പി മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പന്ത് പട്ടേലിന്റെ അടുത്ത സഹചാരികളില്‍ ഒരാളായിരുന്നു. മാത്രമല്ല, അയോധ്യയിലെ ഹിന്ദു നവോത്ഥാനവാദികളുമായി അദ്ദേഹം ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതിന്റെ ഫലമായാണ് ബാബരി മസ്ജിദില്‍ രാമവിഗ്രഹങ്ങള്‍ പതിയെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിനകത്ത് തന്നെ സജീവമായി നിലനിന്ന ഇത്തരം അധികാര നീക്കങ്ങള്‍ക്കിടയില്‍ ഹിന്ദുമഹാസഭയുടെ ബാബരി അധിനിവേശം മുങ്ങിപ്പോവുകയാണുണ്ടായത്. മാത്രമല്ല, ഹിന്ദു വര്‍ഗീയവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് യു.പിയില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടത്. ബാബരിയില്‍ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ട സംഭവം ഇന്നും നിയമത്തിനതീതമായി നിലനില്‍ക്കുന്നതിന്റെ കാരണം ഇതൊക്കെത്തന്നെയാണ്.

Similar Posts