‘ജഡ്ജിമാരായി തുടരണോ രാജിവെക്കണോ എന്ന് അവര്‍ ആലോചിക്കേണ്ടി വരും’ അയോധ്യ കേസ് നീട്ടിവെച്ച ജഡ്ജിമാര്‍ക്കെതിരെ ആര്‍.എസ്.എസ് നേതാവ്
|അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ട സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിനെതിരെയാണ് ആര്‍.എസ്.എസ് നേതാവിന്റെ രോഷം.
അയോധ്യ കേസ് നീട്ടിവെച്ച ജഡ്ജിമാര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ്. ജഡ്ജിമാരായി തുടരണോ രാജിവെക്കണോ എന്ന് അവര്‍ ആലോചിക്കേണ്ടി വരുമെന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ ഭീഷണി. അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ട സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിനെതിരെയാണ് ആര്‍.എസ്.എസ് നേതാവിന്റെ രോഷം.
‘ജന്മഭൂമി മേം അന്യ കോന്‍’ എന്ന തലക്കെട്ടില്‍ ജോഷി ഫൗണ്ടേഷന്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍. ''ഞാനവരുടെ പേര് പറയുന്നില്ല. 125 കോടി ഇന്ത്യക്കാര്‍ക്ക് അവരുടെ പേര് അറിയാം.. ആ മൂന്നംഗ ബെഞ്ച്.. അവരാണ് വൈകിപ്പിച്ചത്, അവരാണ് നിഷേധിച്ചത്, അവര്‍ വൈകിപ്പിച്ചു, തിരസ്കരിച്ചു, അനാദരിച്ചു.'' ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
''കേസ് അതിവേഗം പരിഗണിക്കണം. അല്ലാത്ത പക്ഷം, ഒരു ചോദ്യമുയരും.. നീതി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഇനി ജഡ്ജിമാരായി തുടരണോ രാജിവെക്കണോ എന്ന്, അവര്‍ തന്നെ ആലോചിക്കേണ്ടി വരും.'' ഇന്ദ്രേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ജനാധിപത്യം, ഭരണഘടന, മൗലികാവകാശങ്ങള്‍ എന്നിവയെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ രണ്ട് മൂന്ന് ജഡ്ജിമാര്‍ക്ക് അനുവാദം നല്‍കുന്നതിലൂടെ രാജ്യം വികലമാകുമോയെന്നും ആര്‍.എസ്.എസ് നേതാവ് ചോദിച്ചു.
‘ഞാനും നിങ്ങളും നിസഹായരായി നോക്കിനില്‍ക്കണോ? എന്തുകൊണ്ട്? എന്തിനുവേണ്ടി? തീവ്രവാദത്തിനെതിരായ കേസുകള്‍ അര്‍ധരാത്രി പോലും കേള്‍ക്കാന്‍ തയ്യാറാവുന്നവര്‍ സമാധാനത്തെ പരിഹസിക്കുകയും അപമാനിക്കുകയുമാണ്. ജുഡീഷ്യറി പ്രക്രിയകളിൽ ഇത്തരം നീചത നടത്താൻ ബ്രിട്ടീഷുകാർ പോലും ധൈര്യപ്പെട്ടിട്ടില്ല.’ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.