ദി വയറിനെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിലയൻസ് കോടതിയിലേക്ക്
|അനിൽ അംബാനിയുടെ റിലയൻസ് ദി വയറി നെതിരെ 6000 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലേക്ക്. റഫാൽ ഇടപാടിലെ വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ വീഡിയോ ഷോ റിലയൻസിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംഘടിപ്പിച്ചു എന്നാരോപിച്ചാണ് അഹമ്മദാബാദ് സിറ്റി സിവിൽ കോടതിയിൽ റിലയൻസ് കേസ് ഫയൽ ചെയ്തത്.
'റഫാൽ ഇടപാട് : വിവാദം അടുത്തറിയാം' എന്ന വീഡിയോ ചർച്ച 2018 ആഗസ്റ്റ് 23 നായിരുന്നു ദി വയർ പ്രസിദ്ധീകരിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകൻ അജയ് ശുക്ള, ദി വയറിന്റെ സ്ഥാപക എഡിറ്റർ എം.കെ വേണു എന്നിവരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്. ദേശീയ പ്രതിരോധ വിശകലന വിദഗ്ദൻ ഹാപ്പിമോൻ ജേക്കബായിരുന്നു ചർച്ച നയിച്ചത്. ദി വയറിന്റെ സ്ഥാപക എഡിറ്റർക്കും ശുക്ലക്കും ദി വയർ ഓഫീസ് മാനേജർ എന്നിവർക്കെതിരെയാണ് റിലയൻസ് കേസ് കൊടുത്തിരിക്കുന്നത്.
ദി വയർ സംഘടിപ്പിച്ച ചർച്ച തെറ്റായിരുന്നെന്നും ചർച്ചയിൽ നടത്തിയ ചില പരാമർശങ്ങൾ തെറ്റിദ്ധാരണാജനകമായിരുന്നെന്നും റിലയൻസിന്റെ ഖ്യാതിയെ തകർക്കുന്നതാണെന്നുമാണ് പരാതി. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള പുതിയ കേസ് റഫാൽ ഇടപാടിനെ കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ ചോദിക്കാതിരിക്കാനും മാധ്യമ പ്രവർത്തനത്തെ നിശബ്‌ദരാക്കാനുമുള്ള ശ്രമമാണെന്ന് വയറിന്റെ എഡിറ്റർ സിദ്ധാർഥ് വരദരാജൻ പ്രതികരിച്ചു. കേസ് കൊണ്ടൊന്നും തടസ്സപ്പെടുത്താൻ സാധിക്കില്ലെന്നും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.