India
നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് പരാജയങ്ങള്‍
India

നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് പരാജയങ്ങള്‍

സല്‍മാന്‍ ഖുര്‍ശിദ്, മുഹമ്മദ് ഗാന്‍
|
1 Dec 2018 3:49 PM GMT

അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന പ്രചാരണ പരിപാടികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ പോലും തന്റെ ഗവണ്‍മെന്റിന്റെ നേട്ടങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പൊതുവെ പ്രധാനമന്ത്രി ഭരണകൂടനേട്ടങ്ങളെ പരസ്യപ്പെടുത്താന്‍ നിരന്തരം ശ്രമിക്കാറാണ് പതിവ്. 4,880ഓളം കോടി നികുതിപ്പണമാണ് പരസ്യങ്ങള്‍ക്കായി മോദി ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. ഭരണനേട്ടങ്ങളെ പെരുപ്പിച്ചുകാട്ടാനാണ് അവ ഉപയോഗപ്പെടുത്തിയത്. അതേസമയം അബദ്ധ ജഡിലമായ നിരവധി ഭരണ നയങ്ങളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ മോദി ഭരണകൂടം നടപ്പിലാക്കിയിട്ടുള്ളത്. അവയില്‍ പത്തെണ്ണമാണ് ചുവടെ കൊടുക്കുന്നത്.

നോട്ടുനിരോധനം
പാളിപ്പോയ മോദി നയങ്ങളെ എടുക്കുകയാണെങ്കില്‍ അതിലേറ്റവും മുകളിലായിരിക്കും നോട്ടുനിരോധനത്തിന്റെ സ്ഥാനം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിവേരിളക്കിയ സംഭവമായിരുന്നു ഇത്. നോട്ടുനിരോധനം നടപ്പിലാക്കുമ്പോള്‍ മോദി സൂചിപ്പിച്ചിരുന്ന മുഴുവന്‍ ന്യായങ്ങളും (ഭീകരര്‍ക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുക, വ്യാജ കറന്‍സികളുടെ ഉല്‍പാദനം തടയുക തുടങ്ങിയവ) തെറ്റാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക വിദഗ്ധനായ അരുണ്‍ കുമാര്‍ പറയുന്നത് നോട്ടുനിരോധനത്തിന് ശേഷം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത് എന്നാണ്.

കര്‍ഷകരോടുള്ള വഞ്ചന
മോദി ഗവണ്‍മെന്റിന്റെ കാലത്ത് കര്‍ഷക ആത്മഹത്യകള്‍ അധികരിച്ചിരിക്കുകയാണ്. മാത്രമല്ല, ഗോതമ്പും പയര്‍വര്‍ഗങ്ങളുമെല്ലാം രണ്ടാമതൊന്നാലോചിക്കാതെയാണ് മോദി ഭരണകൂടം ഇറക്കുമതി ചെയ്തത്. ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വിലയെ അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ കര്‍ഷകരുടെ ഭൂമികള്‍ ഭരണകൂടം വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ബി.ജെ.പി ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടാന്‍ കര്‍ഷകര്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. ഈ വര്‍ഷം മൂന്ന് തവണയാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ ബി.ജെ.പിയുടെ ഒരു പ്രതിനിധി പോലും അവരുമായി സംസാരിക്കാന്‍ തയ്യാറായിട്ടില്ല.

റഫാല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി
യു.പി.എ സര്‍ക്കാറിന്റെ കാലത്തു പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച് എ എല്‍) ഉണ്ടാക്കിയ കരാര്‍ മോദി സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. റിലയന്‍സിനാണ് ഇപ്പോള്‍ ബി.ജെ.പി ഭരണകൂടം രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ കരാര്‍ നല്‍കിയിരിക്കുന്നത്. അതിലൂടെ രാജ്യത്ത് യുദ്ധവിമാനം നിര്‍മ്മിക്കാന്‍ വൈദഗ്ധ്യമുള്ള ഏക സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കുകയാണ് മോദി ചെയ്തിരിക്കുന്നത്.

മാധ്യമസ്വാധീനം
ചില ദേശീയ മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്കും ബി.ജെ.പി പ്രസിഡന്റിനുമെതിരായ ന്യായമായ വിമര്‍ശനങ്ങളെ കടുത്ത ഭാഷയിലാണ് നേരിടുന്നത്. സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരാകട്ടെ, ഭരണകൂട വേട്ടക്ക് ഇരയാവുകയാണ് ചെയ്യുന്നത്.

ഭരണകൂട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്നു
പാര്‍ലമെന്റിനെ പരിഗണിക്കാതെയാണ് മോദി ഭരണകൂടം മുന്നോട്ടുപോകുന്നത്. വല്ലപ്പോഴുമാണ് പ്രധാനമന്ത്രി പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കാറുള്ളത്. ഇനി വന്നാല്‍ തന്നെ ഭരണപരമായ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം തെരെഞ്ഞെടുപ്പ് പ്രഭാഷണം നടത്തുകയാണ് മോദി ചെയ്യാറ്. ലോക്പാല്‍ ബില്‍ പാസ്സാക്കുന്ന കാര്യം പാര്‍ലമെന്റ് പരിപൂര്‍ണ്ണമായി മറന്ന മട്ടാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി അധികാരമേറ്റമുടനെ തനിക്കെതിരായ എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കുകയാണ് ചെയ്തത്. അതിനെതിരെ ആരും ശബ്ദമുയര്‍ത്താന്‍ തയ്യാറായിട്ടില്ല. സി.ബി.ഐ ആകട്ടെ, സ്വന്തം വിശ്വാസ്വത സംരക്ഷിക്കാനുള്ള ബദ്ധപ്പാടിലാണ്.


വര്‍ധിച്ചു വരുന്ന വെറുപ്പും അസഹിഷ്ണുതയും
ദലിതര്‍ക്കും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്കുമെതിരായ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ബി.ജെ.പി നേതൃത്വം കൊടുക്കുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഒത്താശയോടെയാണവ നടക്കുന്നതാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

കശ്മീര്‍ പ്രശ്‌നം
കശ്മീരി ജനതയെ പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തുന്ന നയങ്ങളാണ് മോദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. 1996ന് ശേഷം ആദ്യമായിട്ടാണ് കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നടക്കാനിരുന്ന ഉപ തെരെഞ്ഞെടുപ്പ് നീട്ടിവെക്കേണ്ടി വരുന്നത്. മാത്രമല്ല, എട്ട് മാസത്തോളം നീണ്ടുനിന്ന കര്‍ഫ്യൂകള്‍ കശ്മീരിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.


ആധാറും പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനവും
പൗരന്‍മാരുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിച്ചുകൊണ്ടാണ് മാസങ്ങളോളം ബി.ജെ.പി ഭരണകൂടം ആധാറിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചത്. റെയില്‍വെ ടിക്കറ്റിന് മുതല്‍ സ്‌കൂള്‍ പ്രവേശനത്തിന് വരെ ആധാറിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് പൗരന്മാര്‍.


ഏഷ്യയിലുള്ള ഇന്ത്യന്‍ സ്വാധീനം നഷ്ടപ്പെടുന്നു
അഞ്ച് വര്‍ഷം മുമ്പുവരെ ഇന്ത്യക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പ്രബലമായ സ്വാധീനമുണ്ടായിരുന്നു. രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളുടെ മഞ്ഞുരുക്കുന്നതില്‍ ഇന്ത്യയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ മോദി ഗവണ്‍മെന്റിന്റെ വിദേശനയങ്ങളുടെ ഫലമായി ഏഷ്യക്ക് മേലുള്ള ഇന്ത്യയുടെ സ്വാധീനം വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്.


ജോലികള്‍
തൊഴിലവസരവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി.ജെ.പി ഭരണകൂടം കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വന്‍ പരാജയമാണ്. എല്ലാ മേഖലകളിലെയും തെഴിലവസരങ്ങളില്‍ ഭീമമായ ഇടിവാണ് വന്നിരിക്കുന്നത്. നോട്ടുനിരോധനത്തിന് ശേഷം പ്രതിസന്ധി രൂക്ഷമാണ്.

മോദി ഭരണകൂടം ഈ പരാജയങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടതുണ്ട്. 2013ലെ തെരെഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നായിരുന്നു മോദി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇനിയൊരിക്കലും ഒരു തിരിച്ചുവരവ് ദുഷ്‌കരമാവും വിധം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാണ് മോദി തിരിച്ചുവിട്ടിരിക്കുന്നത്.

Similar Posts