India
നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തെ ബാധിച്ചില്ലെന്ന് വിരമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍
India

നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണത്തെ ബാധിച്ചില്ലെന്ന് വിരമിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍

Web Desk
|
2 Dec 2018 2:08 PM GMT

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രം പിടിച്ചെടുത്ത കള്ളപ്പണം 200 കോടി വരും

നോട്ട് നിരോധനം മൂലം രാജ്യത്തെ കള്ളപ്പണത്തിന്റെ വ്യാപനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ശനിയാഴ്ച വിരമിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി റെക്കോഡ് തുകയുടെ കള്ളപ്പണമാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

'മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രം പിടിച്ചെടുത്ത കള്ളപ്പണം 200 കോടി വരും. ഇത്തരം പണം കൈകാര്യം ചെയ്യുന്ന സ്രോതസുകള്‍ക്ക് എത്രത്തോളം സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണത്. നോട്ട് നിരോധനം പോലുള്ള നടപടികള്‍ കള്ളപ്പണത്തെ ബാധിച്ചിട്ടില്ല' എന്നാണ് ഒപി റാവത്ത് പറഞ്ഞത്.

കള്ളപ്പണത്തെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിലാണ് നോട്ട് നിരോധനം നടപ്പിലാക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് വിരുദ്ധമാണ് വസ്തുതയെന്നാണ് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വാക്കുകള്‍ തെളിയിക്കുന്നത്. 2016 നവംബര്‍ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ശനിയാഴ്ച്ച വിരമിച്ച റാവത്തിന്റെ പകരക്കാരനായി ഇന്ന് സുനില്‍ അറോറ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റിട്ടുണ്ട്.

ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ പ്രായോഗികതയും ഒ.പി റാവത്ത് ചോദ്യം ചെയ്യുന്നുണ്ട്. നിലവില്‍ 17 ലക്ഷം വോട്ടിംങ് മെഷീനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത് അതുപയോഗിച്ചാണ് രാജ്യത്തെ തെരഞ്ഞെടുപ്പുകളെല്ലാം നടത്തുന്നത്. ഒറ്റ തെരഞ്ഞെടുപ്പാക്കി മാറ്റിയാല്‍ സുഗമമായ നടത്തിപ്പിന് കുറഞ്ഞത് 34 ലക്ഷം വോട്ടിംങ് മെഷീനുകള്‍ വേണ്ടി വരും. ഇത് ചെലവ് ചുരുങ്ങുന്നതിനേക്കാള്‍ കൂട്ടാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു.

തെരഞ്ഞെടുപ്പിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് നേരിടുന്ന പ്രധാന വെല്ലുവിളിയായി സോഷ്യല്‍മീഡിയ മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രധാന കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ലോകരാജ്യങ്ങളുടെ മൊത്തത്തിലുള്ള തലവേദനയാണിത്. നിശബ്ദ പ്രചരണത്തിന്റെ 48 മണിക്കൂറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Similar Posts