India
എന്നെ ജയിപ്പിക്കൂ, ബാലവിവാഹത്തിന്റെ പേരില്‍ നിങ്ങളെ പൊലീസ് പിടിക്കില്ല: വാഗ്ദാനവുമായി ബി.ജെ.പി സ്ഥാനാര്‍ഥി
India

എന്നെ ജയിപ്പിക്കൂ, ബാലവിവാഹത്തിന്റെ പേരില്‍ നിങ്ങളെ പൊലീസ് പിടിക്കില്ല: വാഗ്ദാനവുമായി ബി.ജെ.പി സ്ഥാനാര്‍ഥി

Web Desk
|
2 Dec 2018 8:18 AM GMT

രാജസ്ഥാനിലെ സോജദ് നിയമസഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ ചൌഹാനാണ് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വിചിത്രമായ ഒരു വാഗ്ദാനം നല്‍കിയിരിക്കുന്നത്

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്- അങ്ങനെ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ വക വാഗ്ദാനങ്ങളുടെ പെരുമഴയുമാണ്. അത്തരത്തിലൊരു വാഗ്ദാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജസ്ഥാനിലെ സോജദ് നിയമസഭാ സീറ്റിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ ചൌഹാനാണ് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വിചിത്രമായ ഒരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.

താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ബാലവിവാഹത്തിന്റെ പേരില്‍ തന്റെ മണ്ഡലത്തിന്റെ ജനങ്ങള്‍ക്ക് നിയമനടപടി നേരിടേണ്ടിവരില്ലെന്നാണ് ശോഭാ ചൌഹാന്റെ വാഗ്ദാനം. സോജദിലെ പീപലിയ കല പ്രദേശത്ത് നടന്ന സ്നേഹ സമ്മേളന്‍ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവര്‍. പ്രദേശത്തെ ദേവദാസിവിഭാഗങ്ങള്‍ക്കിടയില്‍ ബാലവിവാഹം സാധാരണയാണ്. തുടര്‍ന്ന് അവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകാറുണ്ടായിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ പൊലീസിന്റെ അത്തരം ഇടപെടലുകളെ തടയുമെന്നാണ് സംസാരത്തിനിടെ അവര്‍ നല്‍കുന്ന വാഗ്ദാനം. ചടങ്ങിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ശോഭയ്ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

ലോകത്ത് ഇപ്പോഴും ശൈശവവിവാഹം നടക്കുന്ന രാജ്യങ്ങളില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. 2011 ലെ സെന്‍സസ്സ് പ്രകാരം പത്തിനും പത്തൊന്‍മ്പതിനും ഇടയില്‍ പ്രായമുള്ള 17 മില്യണ്‍ കുട്ടികളാണ് വിവാഹം ചെയ്യപ്പെടുന്നത്. ഇതില്‍ പന്ത്രണ്ട് മില്യണ്‍ വരുന്നത് പെണ്‍കുട്ടികളാണ്. നിയമപ്രകാരം പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായം 18 വയസ്സാണെങ്കിലും ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇവയൊന്നും പാലിക്കപ്പെടാറില്ല.

Similar Posts