രാജസ്ഥാനിലും തെലങ്കാനയിലും പരസ്യപ്രചാരണം അവസാനിച്ചു
|ഇരു സംസ്ഥാനങ്ങളിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. പതിനൊന്നിന് വോട്ടെണ്ണലും
രാജസ്ഥാനിലും തെലങ്കാനയിലും പരസ്യപ്രചാരണം അവസാനിച്ചു. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ്സിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ചായിരുന്നു അവസാന മണിക്കൂറുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണം. തെലങ്കാനയില്‍ ടി.ആര്‍.എസ് സര്‍ക്കാരിന്‍റെ ഭരണ പരാജയം തുറന്ന് കാട്ടി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചാരണം നടത്തി.
രാജസ്ഥാനില്‍ പ്രചാരണ രംഗത്ത് തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും അവസാന ലാപില്‍ ഓടിക്കയറുന്ന ബി.ജെ.പിയെയാണ് കണ്ടത്. പരസ്യപ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, മോദി, അമിത്ഷാ, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി അടക്കമുള്ളവര്‍ ബി.ജെ.പി വേദികള്‍ ഇളക്കിമറിച്ചു. ദോസയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയെയും കടന്നാക്രമിച്ചായിരുന്നു മോദിയുടെ പ്രസംഗം. നാല് തലമുറയായി രാജ്യം ഭരിച്ചവരെ കോടതി വാതിലിന് മുന്നില്‍ നിര്‍ത്താനായത് ചായക്കടക്കാരന്റെ ശക്തിയാണെന്ന് നികുതി കേസിലെ കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിര്‍ദേശം ഉദ്ദരിച്ച് മോദി പറഞ്ഞു.
സംസ്ഥാന നേതാക്കളായ അശോക് ഘലോട്ടും സച്ചിന് പൈലറ്റും രാജസ്ഥാനില്‍ ഇന്ന് കോണ്‍ഗ്രസ്സ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ തെലങ്കാനയില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിലും കര്‍ഷക പ്രശ്നം പരിഹരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
ഇരു സംസ്ഥാനങ്ങളിലും മറ്റന്നാള്‍ രാവിലെ 7 മണിമുതല്‍ വോട്ടെടുപ്പ് തുടങ്ങും. പതിനൊന്നിനാണ് വോട്ടെണ്ണല്‍.