ആഗസ്ത വെസ്റ്റ്‍ലാന്‍ഡ് കേസ്: ക്രിസ്റ്റ്യന്‍ മിഷേല്‍ അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍
|മിഷേലിന്റെ കാര്യത്തിലെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും റാഫേല്‍ ആരോപണങ്ങളില്‍ മോദി വ്യക്തത വരുത്തണമെന്നും രാഹുൽ ഗാന്ധി മറുപടി നല്‍കി.
അഗസ്ത വെസ്റ്റ്‍ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാട് കേസില്‍ ഇന്ത്യയിലെത്തിച്ച ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കോടതി അഞ്ച് ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. വൈദ്യ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച കോടതി അഭിഭാഷകന് മിഷേലിനെ കാണാനും അനുമതി നല്‍കി. ഇടപാടിലെ സത്യം പുറത്ത് വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മിഷേലിന്റെ കാര്യത്തിലെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും റാഫേല്‍ ആരോപണങ്ങളില്‍ മോദി വ്യക്തത വരുത്തണമെന്നും രാഹുൽ ഗാന്ധി മറുപടി നല്‍കി. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് സി.ബി.ഐ ക്രിസ്റ്റ്യന്‍ മിഷേലിനെ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയത്. 14 ദിവസത്തെ കസ്റ്റഡി സി.ബി.ഐ ആവശ്യപ്പെട്ടെങ്കിലും 5 ദിവസമാണ് നല്‍കിയത്. മിഷേലിന്റെ കൈവശം ഉണ്ടായിരുന്ന ചില രേഖകളുടെ ഉറവിടം അന്വേഷിക്കണമെന്നും പണം എവിടേക്ക് പോയി എന്ന് അറിയേണ്ടതുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
ജാമ്യാപേക്ഷ സമര്‍പ്പിച്ച മിഷേലിന്റെ അഭിഭാഷകന്‍ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന ആവശ്യമുന്നയിച്ചു. ഇത് തള്ളിയ കോടതി രാവിലെയും വൈകീട്ടും അഭിഭാഷകർക്ക് മിഷേലുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി നല്‍കി. മിഷേലിനായി ഹാജരായ മലയാളി അഭിഭാഷകന്‍ എല്‍ജോ ജോസഫ് യൂത്തുകോണ്‍ഗ്രസുകാരനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നിയമ വിഭാഗത്തിന്റെ ചുമതലയുണ്ടെങ്കിലും അഭിഭാഷകനെന്ന നിലയിലാണ് ഹാജരായതെന്ന് എല്‍ജോ വിശദീകരിച്ചു.
അതിനിടെ, യു.പി.എ സംരക്ഷിക്കാന്‍ ശ്രമിച്ച മിഷേലിനെ എന്‍.ഡി.എ ഇന്ത്യയില്‍ എത്തിച്ചെന്നും സത്യം പുറത്ത് വരുമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണെന്നും റഫാലില്‍ അനില്‍ അംബാനിക്ക് എന്തിന് 30,000 കോടി നല്‍കിയെന്ന് മോദി വ്യക്തമാക്കണമെന്ന് രാഹുല്‍ മറുപടി നല്‍കി. മിഷേല്‍ 225 കോടി കൈകൂലി കൈപറ്റി എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍.