രാജസ്ഥാനില്‍ 72.7 ശതമാനവും തെലങ്കാനയില്‍ 53 ശതമാനവും പോളിംഗ്
|രാജസ്ഥാനിലെ വോട്ടിങ് യന്ത്രം ഒരു വീട്ടില്‍ കണ്ടെത്തിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അജ്മീറിലെ വീട്ടില്‍ ഇ വി എം ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അരവിന്ദ് കെജ്രിവാള് ട്വിറ്റലൂടെ പുറത്തുവിട്ടു.
രാജസ്ഥാന്, തെലങ്കാന നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചു. രാജസ്ഥാനില്‍ 72.7 ശതമാനവും തെലങ്കാനയില്‍ 53 ശതമാനവും പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം വീട്ടില്‍ കണ്ടെത്തിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രചാരണ രംഗത്തെ വീറും വാശിയും പോളിങ്ങിലും പ്രതിഫലിച്ചതായാണ് ആദ്യ ഘട്ടത്തെ സൂചനകള്‍. ഭേദപ്പെട്ട പോളിങ്ങാണ് ഇതുവരെ ഇരുസംസ്ഥാനത്തും രേഖപ്പെടുത്തിയത്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പലയിടത്തും സുഗമമായ പോളിങ്ങിന് തടസ്സമായിട്ടുണ്ട്. രാജസ്ഥാനിലെ വോട്ടിങ് യന്ത്രം ഒരു വീട്ടില്‍ കണ്ടെത്തിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അജ്മീര്‍ ജില്ലയില്‍ ആദര്‍ശ് നഗറിലെ വീട്ടില്‍ ഇ വി എം ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അരവിന്ദ് കെജ്രിവാള് ട്വിറ്റലൂടെ പുറത്തുവിട്ടു.
അഹോറില് ജനങ്ങളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ഹൈദരാബാദിലെ ഹയാത്ത് നഗറില്‍ ഒരു മണിക്കൂറോളം വൈകിയാണ് പോളിങ് തുടങ്ങിയത്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിന്റെ പേരിലെ തര്‍ക്കങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രതിഷേധം ട്വിറ്ററില്‍ രേഖപ്പെടുത്തി.
തെലുഗു വിപ്ലവ കവി ഗദ്ദര്‍ ജീവിതത്തിലാദ്യമായി വോട്ട് രേഖപ്പെടുത്തി. വെള്ളിയാഴ്ചയായതിനാല്‍ ജുമുഅ നമസ്കാരത്തിന് മുമ്പ് വോട്ട് രേഖപ്പെടുത്താന്‍ എം.ഐ.എം മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലും തെലങ്കാനയില്‍ 119 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. തെലങ്കാനയിലെ മാവോ സ്വാധീനമുള്ള 13 മണ്ഡലങ്ങളില്‍ വൈകിട്ട് നാല് മണിവരെയും മറ്റിടങ്ങളില്‍ 5 വരെയുമായിരുന്നു പോളിങ്.