India
തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലും
India

തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലും

Web Desk
|
22 Dec 2018 2:37 PM GMT

ഏറ്റവും പ്രായം കുറഞ്ഞ 17 വയസ്സുള്ള ജെ സ്‌നോലിന്റെ തലക്ക് പിന്നില്‍ വെടിയേറ്റ ശേഷം വായിലൂടെ വെടിയുണ്ട പുറത്ത് വന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു

തൂത്തുക്കുടി പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13ല്‍ 12പേര്‍ക്കും വെടിയേറ്റത് നെഞ്ചിലും തലയിലുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പകുതിപേർക്കും വെടിയേറ്റത് പിന്നിൽ നിന്നുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് പേര്‍ മരിച്ചത് തലയ്ക്ക് വെടിയേറ്റാണ്. കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ 17 വയസ്സുള്ള ജെ സ്‌നോലിന്റെ തലക്ക് പിന്നില്‍ വെടിയേറ്റ ശേഷം വായിലൂടെ വെടിയുണ്ട പുറത്ത് വന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 40കാരിയായ ജാന്‍സിക്ക് ചെവിയ്ക്കാണ് വെടിയേറ്റത്. 34കാരനായ മണിരാജന്റെ നെറ്റിയിലൂടെയാണ് വെടിയുണ്ട തുളച്ചു കയറിയത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായാണ് മണിരാജന്‍ മരിക്കുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. വിവിധ ആശുപത്രികളിലെ ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധറുടെ റിപ്പോര്‍ട്ടുകള്‍ ഏകോപനം ചെയ്ത റിപ്പോര്‍ട്ട് റോയിട്ടേഴ്‌സാണ് പുറത്ത് വിട്ടത്. മരിച്ച 13ല്‍ 11പേരുടെ വീട്ടുകാരുമായും റോയിട്ടേഴ്‌സ് ലേഖകര്‍ ബന്ധപ്പെട്ടു. ഇതില്‍ 10 വീട്ടുകാരും നിയമനടപടിക്ക് താല്‍പര്യമില്ല. ഒരാള്‍ മാത്രമേ നിയമം വഴി നീതി ലഭിക്കാന്‍ താന്‍ ശ്രമിക്കുമെന്ന് മാത്രമേ പറഞ്ഞുള്ളൂ.

പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ വെടിവെക്കാമെന്ന് ഇന്ത്യന്‍ നിയമ വ്യവസ്ഥയിലുണ്ടെങ്കിലും കൊല്ലാന്‍ വേണ്ടി വെടിവെക്കരുതെന്നു പ്രത്യേകം പറയുന്നുണ്ട്. അരയ്ക്കു താഴെയാണ് വെടിവെക്കേണ്ടതെന്നും ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ആള്‍ക്കൂട്ടത്തിനു നേരെ മാത്രമേ അത് പ്രയോഗിക്കാവൂ എന്നുമാണ് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ കരുതലുകളെല്ലാം മറികടന്നുകൊണ്ടുള്ള നരഹത്യയായിരുന്നു തൂത്തുക്കുടിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തൂത്തുക്കുടിയിലെ ചെമ്പ് ഉത്പാദന ഫാക്ടറിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് പ്രാദേശിക വാസികള് ആരോപിച്ചു. ഇതിനെതിരെ 2018 മെയ് 22നാണ് സമരം നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്.

Similar Posts