മോദിക്ക് ലഭിച്ച കോട്‍ലര്‍ പുരസ്കാരത്തെ ചൊല്ലി വിവാദം
|“ലോക പ്രശസ്ത കോട്‍ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാര്‍ഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാവാന്‍ കാരണം. മുന്‍പ് ഈ പുരസ്കാരം ആര്‍ക്കും നല്‍കിയിട്ടുമില്ല”, രാഹുല്‍
പ്രഥമ ഫിലിപ് കോട്‍ലര്‍ പ്രസിഡന്‍ഷ്യല്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചതിന് പിന്നാലെ അവാര്‍ഡിനെ ചൊല്ലി വിവാദം പുകയുന്നു. അവാര്‍ഡിനെ കുറിച്ചും ജൂറിയെ കുറിച്ചും എവിടെയും വിവരങ്ങള്‍ ലഭ്യമല്ല. കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പുരസ്കാരം നേടിയ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നതിനിടെ പരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.
"ലോക പ്രശസ്ത കോട്‍ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് നേടിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. അവാര്‍ഡിന് ജൂറിയില്ലാത്തതാണ് ഇത് പ്രശസ്തമാവാന്‍ കാരണം. ഇതിന് മുന്‍പ് ഈ പുരസ്കാരം ആര്‍ക്കും നല്‍കിയിട്ടുമില്ല. പിന്നില്‍ അലിഗഡിലെ ഇതുവരെ കേള്‍ക്കാത്ത കമ്പനിയാണ്. പതഞ്ജലിയും റിപബ്ലിക് ടിവിയുമാണ് ഇവന്‍റ് പാര്‍ടണര്‍മാര്‍", എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
വേള്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റ് ഇന്ത്യയാണ് (ഡബ്ല്യു.എം.എസ്) ആദ്യ ഫിലിപ് കോട്‍ലര്‍ പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് മോദിക്ക് സമ്മാനിച്ചത്. പരസ്യ, മാര്‍ക്കറ്റിങ് രംഗത്തെ മികവിനാണ് ഇതുവരെ പുരസ്കാരം നല്‍കിയിരുന്നത്. വേള്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റ് ഗ്രൂപ്പ് സ്ഥാപകന്‍ ഫിലിപ് കോട്‍ലറിന്‍റെ പേരിലാണ് പുരസ്കാരം അറിയപ്പെടുന്നത്. എന്നാല്‍ പുതിയ ഫിലിപ് കോട്‍ലര്‍ പ്രസിഡന്‍ഷ്യല്‍ പുരസ്കാരത്തെ കുറിച്ച് കമ്പനിയുടെ വെബ്‍സൈറ്റില്‍ ഒരു പരാമര്‍ശവുമില്ല. പുരസ്കാരം നല്‍കിയവരെ കുറിച്ചോ ജൂറിയെ കുറിച്ചോ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും കൃത്യമായി പരാമര്‍ശിച്ചിട്ടില്ല.
വേള്‍ഡ് മാര്‍ക്കറ്റിങ് സമ്മിറ്റ് ഗ്രൂപ്പും അലിഗഡിലെ സസ്‍ലെന്‍സ് റിസര്‍ച്ച് ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് 2018ല്‍ ഇന്ത്യയില്‍ വേള്‍ഡ് സമ്മിറ്റ് സംഘടിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഡിസംബറില്‍ നടന്ന സമ്മിറ്റിന്‍റെ സഹ സംഘാടകര്‍ പൊതുമേഖല സ്ഥാപനമായ ഗെയില്‍ ഇന്ത്യ ആയിരുന്നു. പതഞ്ജലി ഗ്രൂപ്പും റിപബ്ലിക് ടിവിയുമായിരുന്നു പരിപാടിയുടെ പാര്‍ട്ണര്‍മാര്‍. പരസ്യ, മാര്‍ക്കറ്റിങ് മേഖലയിലെ മികവിനുള്ള പുരസ്കാരത്തിന് തന്‍റെ പേര് ഉപയോഗിക്കാന്‍ കോട്‍ലര്‍ സംഘാടക സമിതിക്ക് അനുമതി നല്‍കി. അവാര്‍ഡിന് അപേക്ഷിക്കാന്‍ ഒരു ലക്ഷം രൂപ ഫീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാല്‍ രാഷ്ട്രീയ രംഗത്തെ മികവിന് പുരസ്കാരം നല്‍കുന്നതിനെ കുറിച്ച് കമ്പനിയുടെ സൈറ്റില്‍ ഒരു പരാമര്‍ശവുമില്ല. രഹസ്യ സ്വഭാവമുള്ള പുരസ്കാരമാണിതെന്നാണ് സസ്‍ലെന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ തൌസീഫ് സിയ സിദ്ദീഖി പറഞ്ഞത്. പരസ്യ, മാര്‍ക്കറ്റിങ് മേഖലയിലെ പുരസ്കാര നിര്‍ണയ രീതിയല്ല പ്രസിഡന്‍ഷ്യല്‍ പുരസ്കാരത്തിന് അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അവാര്‍ഡ് നിര്‍ണയ പ്രക്രിയയെ കുറിച്ചോ അവാര്‍ഡ് നിര്‍ണയിച്ച സമിതിയെ കുറിച്ചോ എന്തെങ്കിലും വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.