India
മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തും, റാലി തടഞ്ഞാല്‍... പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് അമിത് ഷാ
India

മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തും, റാലി തടഞ്ഞാല്‍... പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് അമിത് ഷാ

Web Desk
|
22 Jan 2019 4:38 PM GMT

പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍‌ പ്രതിപക്ഷ നേതാക്കളുടെ യുണൈറ്റഡ് ഇന്ത്യാ റാലി നടന്നിരുന്നു. 

മമത സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് പശ്ചിമ ബംഗാളില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം. മമത രഥയാത്ര തടഞ്ഞാല്‍ റാലി നടത്തുമെന്നും റാലി തടഞ്ഞാല്‍ വീടു വീടാന്തരം കയറി പ്രചാരണം നടത്തുമെന്നും അമിത്ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യം സ്ഥാനമോഹികളുടെ കൂട്ടമാണെന്നും ഷാ ആരോപിച്ചു.

പശ്ചിമ ബംഗാളിനെ ഇളക്കി മറിച്ച് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍‌ പ്രതിപക്ഷ നേതാക്കളുടെ യുണൈറ്റഡ് ഇന്ത്യാ റാലി നടന്നിരുന്നു. പൊതു തെരഞ്ഞെടുപ്പിന് മുമ്പേ മമതക്കും പ്രതിപക്ഷത്തിനും ഈ റാലി പകര്‍‌ന്ന ഊര്‍ജ്ജം ചെറുതല്ല. ഇതിന് പിന്നാലെയാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഇന്ന് സംസ്ഥാനത്തെത്തിയത്. മാള്‍ഡയിലായിരുന്നു റാലി. സംസ്ഥാനത്ത് ജനാധിപത്യം കശാപ്പ് ചെയ്യുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നു. മമത തുടരണമോ എന്നത് തെളിയിക്കുന്നത് കൂടിയാകും ലോക്സഭ തെരഞ്ഞെടുപ്പ് ഫലമെന്ന് അമിത് ഷാ പറഞ്ഞു.

അമിത് ഷാ നേരത്തെ നിശ്ചയിച്ചിരുന്ന രഥയാത്രക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരും പിന്നീട് സുപ്രിംകോടതിയും അനുമതി നിഷോധിച്ചിരുന്നു. ഷായുടെ ഹെലികോപ്റ്റര്‍ മാള്‍ഡയിലെ ചെറു റണ്‍വെയില്‍ ഇറക്കുന്നതും സര്‍ക്കാര്‍ വിലക്കി. ഇക്കാര്യങ്ങളും അമിത് ഷാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. രഥയാത്ര തടഞ്ഞാല്‍ റാലി നടത്തും, റാലി തടഞ്ഞാല്‍ വീടു വീടാന്തരം കയറി പ്രചാരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. 42 ലോക്സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ 22 സീറ്റുകളെങ്കിലും നേടണമെന്നാണ് ബി.ജെ.പി ലക്ഷ്യം. അടുത്തമാസം പ്രധാന മന്ത്രിയും റാലി നടത്തും.

Related Tags :
Similar Posts