തൊഴിലില്ലായ്മ നിരക്കില്‍ വന്‍വര്‍ധനവെന്ന റിപ്പോര്‍ട്ട് പ്രചാരണായുധമാക്കി പ്രതിപക്ഷം
|മോദിസര്‍ക്കാര്‍ ദേശീയ ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ദേശീയ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.
തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനയുണ്ടായെന്ന ദേശീയ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രചാരണായുധമാക്കി പ്രതിപക്ഷം രംഗത്ത്. തൊഴിലില്ലായ്മയിലുണ്ടായ വര്‍ധന ദേശീയ ദുരന്തമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. മോദിയുടെ വാഗ്ദാനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി.
അഞ്ച് വര്‍ഷം മുമ്പ് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദിസര്‍ക്കാര്‍ ദേശീയ ദുരന്തമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ദേശീയ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ടിലെ വിവരങ്ങളെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. നരേന്ദ്രമോദിയുടെ ചുരുക്കപ്പേരായ നമോയെ പരഹസിച്ച് നോമോ ജോബ്സ് എന്ന് തലക്കെട്ട് നല്‍കിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തുടങ്ങുന്നത്. 2017-18ല്‍ മാത്രം ആറരകോടി യുവാക്കളാണ് രാജ്യത്ത് തൊഴില്‍രഹിതരായിട്ടുള്ളതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ഇക്കാര്യം ആവര്‍ത്തിച്ചു.
മോദിയുടെ വാഗ്ദാനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയും വിമര്‍ശിച്ചു. പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പിലാണ് വിമര്‍ശം. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതാണ് രണ്ട് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനഗംങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്നും സി.പി.എം കുറ്റപ്പെടുത്തി. വരും ദിവസങ്ങളില്‍ ദേശീയ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ പ്രചാരണായുധമാക്കാനാണ് സാധ്യത.