‘കാവല്ക്കാരന് കള്ളനാണ്’; മോദിയുടെയും ബി.ജെ.പി നേതാക്കളുടെയും ട്വിറ്റര്‍ പേര് മാറ്റത്തെ വിമര്‍ശിച്ചും പരിഹസിച്ചും ട്രോളന്മാര്
|റഫാല്‍ ഇടപാടിനെ മുന്‍ നിര്‍ത്തി ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിനെ പ്രതിരോധിക്കാന്‍ നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആരംഭിച്ച പേര് മാറ്റല്‍ പ്രചാരണത്തെ പരിഹസിച്ച് ട്രോളന്മാര്. ‘കാവല്ക്കാരന്’ എന്നര്‍ഥം വരുന്ന ‘ചൗക്കീദാര്‍’ എന്ന പദം ട്വിറ്ററില്‍ പേരിന് പിന്നില്‍ ചേര്‍ത്താണ് മോദി പുതിയ ക്യാംമ്പെയിന് തുടക്കമിട്ടത്. പ്രധാനമന്ത്രിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും പേര് മാറ്റി ട്വിറ്ററില്‍ രംഗത്ത് വന്നിരുന്നു. പേര് മാറ്റത്തെ വ്യാപകമായ രീതിയിലാണ് ട്രോളന്മാര് ട്രോള്‍ ചെയ്യുന്നത്. പുതിയ പ്രചരണത്തിലൂടെ മോദി സ്വയം രാഹുല്‍ ഗാന്ധിയുടെ വാദമായ ‘കാവല്ക്കാരന് കള്ളനാണ്’ എന്നത് സമ്മതിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുള്ള ആക്ഷേപം.
പുതിയ ക്യാംമ്പയിനിന്റെ ഭാഗമായി വിവാദ വ്യവസായി നീരവ് മോദിക്ക് നന്ദി അറിയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും വലിയ വിമര്‍ശനത്തിന് വഴി വെച്ചിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീരവ് മോദിക്ക് നന്ദി പറഞ്ഞത്. ട്വിറ്ററിലെ പാരഡി അക്കൗണ്ട് വഴി സംഭവിച്ച പിഴവിലൂടെയാണ് നന്ദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്നാണ് അറിയുന്നത്. മോദിയുടെയും ബി.ജെ.പി അനുയായികളുടെയും പുതിയ പേര് മാറ്റം ഏന്തായാലും ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്.