India
പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍
India

പ്രായം നൂറ് കവിഞ്ഞു; ആവേശം ചോരാതെ ഇന്ത്യയിലെ ആദ്യ വോട്ടര്‍

Web Desk
|
25 March 2019 2:49 PM GMT

ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ  മുത്തച്ഛന്‍

പ്രായം നൂറ് കവിഞ്ഞു. 1951 ലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇതുവരെ നടന്ന 16 ലോക്സഭാ തെരഞ്ഞെടുപ്പിലും 12 നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തു. ഇക്കൊല്ലവും വോട്ട് ചെയ്യാനുള്ള ആവേശത്തിലാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടറായ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശ്യാം സരണ്‍ നേഗി. ഹിമാചലിലെ കനത്ത മഞ്ഞ് വീഴ്ച കണക്കിലെടുത്താണ് ഈ മേഖലയില്‍ അന്ന് ആദ്യം തെരഞ്ഞെടുപ്പ് നടത്തിയത്.

2010ല്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നവീന്‍ ചൗള കിന്നോറിലെത്തി നേഗിയെ ആദരിച്ചിരുന്നു. 2014ല്‍ ഹിമാചല്‍ പ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേഗിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്ത്‌ ആദ്യമായി വോട്ട് ചെയ്ത ജനവിഭാഗമെന്ന ബഹുമതി കിനാറുകള്‍ എന്നറിയപ്പെടുന്ന ഗോത്രവര്‍ക്കാര്‍ക്കും അങ്ങനെ സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാര്‍ലമെന്റ് മണ്ഡലത്തിലായിരുന്നു അന്ന് കല്‍പ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ രാജ്കുമാരി അമൃത്കൗര്‍, ഗോപി റാം എന്നിവരാണ് ആദ്യ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

വോട്ട് ചെയ്യാന്‍ പ്രായം ഒരു തടസ്സമായി വന്നിട്ടില്ലെന്നു ഊന്നു വടിയുമായി എത്തിയ നെഗി പറയുന്നു. ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ 34 വയസായിരുന്നു നേഗിയുടെ പ്രായം. പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ല്‍ ആണു വിരമിച്ചത്. ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതു തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടുള്ളത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും വോട്ടു ചെയ്യാതിരുന്നിട്ടില്ല. സംസ്ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത് പാര്‍ട്ടിയിലാണ് വിശ്വസിക്കുന്നതെന്ന് നേഗി വെളിപ്പെടുത്തിയിട്ടില്ല. നോട്ട സംവിധാനത്താട് കടുത്ത വിരോധമാണ് നേഗിക്ക്. സ്ഥാനാര്‍ത്ഥികളില്‍ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് കരുതുന്നതെന്ന് നേഗി പറയുന്നു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കരുത്തും വിശ്വാസവും പകരുന്നു നേഗിയുടെ ഈ കഥ. വോട്ടവകാശം വിനിയോഗിക്കാന്‍ മടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു മാത‍‍ൃകയാണ് ഈ മുത്തച്ഛന്‍.

Similar Posts