താരീഖ് അന്‍വര്‍ പത്താം അങ്കത്തിന്; കട്ടിഹാറില്‍ കടുത്ത ത്രികോണ മത്സരം
|എന്‍.സി.പി ദേശീയ അധ്യക്ഷ പദവി രാജിവെച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അന്‍വര്‍, കടുത്ത ത്രികോണ മല്‍സരമാണ് ഇത്തവണ നേരിടുന്നത്.
ബിഹാറിലെ കടിഹാര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1977 മുതല്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയാണ് താരീഖ് അന്‍വര്‍. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സീതാറാം കേസരിയുടെ അടുപ്പക്കാരനായിരുന്ന അന്‍വറിന് മണ്ഡലത്തില്‍ ഇത് പത്താമത്തെ പോരാട്ടമാണ്. അഞ്ച് തവണ ജയിച്ചു. നാല് തവണ തോറ്റു. എന്‍.സി.പി ദേശീയ അധ്യക്ഷ പദവി രാജിവെച്ച് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ അന്‍വര്‍, കടുത്ത ത്രികോണ മല്‍സരമാണ് ഇത്തവണ നേരിടുന്നത്.
ആര്‍.ജെ.ഡി - കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി കട്ടിഹാറില്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ഒറ്റനോട്ടത്തില്‍ താരീഖ് അന്‍വറിന് അനുകൂലമാണ് മണ്ഡലത്തിലെ ചിത്രം. സീതാറാം കേസരിയെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും നീക്കി സോണിയാ ഗാന്ധിയെ നിയമിച്ചതില്‍ പ്രതിഷധിച്ചാണ് ശരത് പവാറിനും പി.എ സാങ്മക്കുമൊപ്പം താരീഖ് 1999ല്‍ പാര്‍ട്ടി വിട്ട് എന്‍.സി.പി രൂപീകരിച്ചത്. കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ സ്ഥാപക നേതാവിനെതിരെ എന്‍.സി.പി പ്രവര്‍ത്തകര്‍ കലാപക്കൊടി ഉയര്‍ത്തിയ ചിത്രമാണ് കടിഹാറില്‍. താരീഖിനെതിരെ എന്‍.സി.പി രംഗത്തിറക്കിയ മുഹമ്മദ് ശക്കൂറിന് കോണ്‍ഗ്രസിനകത്തെ വലിയൊരു വിഭാഗം പിന്തുണ നല്‍കുന്നതും കാണാനുണ്ട്. താരീഖ് മടങ്ങിയെത്തിയതു മൂലം സീറ്റ് നഷ്ടമായ കോണ്‍ഗ്രസ് നേതാവ് ശാഹിദ് ഹിന്ദുസ്ഥാനിയാണ് വിമത നീക്കങ്ങള്‍ക്കു പിന്നില്‍.
ജെ.ഡി.യുവിന്റെ ദുലാല്‍ ചന്ദ് ഗോസ്വാമിയും സമാനമായ രീതിയില്‍ ബി.ജെ.പിയില്‍ നിന്നും വിമത ശല്യം നേരിടുന്നുണ്ട്. ഇതൊന്നും താരീഖിന്റെ വിജയത്തെ ബാധിക്കില്ലെന്നും മണ്ഡലത്തില്‍ ഒരു കട്ടൗട്ടിന്റെ പോലും ആവശ്യമില്ലാത്ത വിധം സുപരിചിതനാണ് തങ്ങളുടെ സ്ഥാനാര്‍ഥിയെന്നും കോണ്‍ഗ്രസുകാര്‍ പറയുന്നു.