India
തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ല
India

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ല

Web Desk
|
8 May 2019 1:24 PM GMT

മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. ഇ.വി.എം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കും തമ്മില്‍ വൈരുദ്ധ്യം.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാങ്ങിയ 20 ലക്ഷത്തോളം വോട്ടിങ് യന്ത്രങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇ.വി.എം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്കും തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കും തമ്മില്‍ വൈരുദ്ധ്യമുണ്ട്. യന്ത്രങ്ങള്‍ വാങ്ങിയതിന് ചെലവായ തുകയിലും 116 കോടി രൂപയുടെ പൊരുത്തക്കേട് കണ്ടെത്തി. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികള്‍ അടിസ്ഥാനമാക്കി ഫ്രണ്ട്‌ലൈനാണ് വാര്‍ത്ത പുറത്തുവിട്ടത്.

മനോരഞ്ജന്‍ റോയ് എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് 1989 മുതല്‍ 2015 വരെയുള്ള കണക്കുകള്‍ ശേഖരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇ.വി.എം വിതരണം ചെയ്യുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും നേടിയ വിവരാവകാശ മറുപടികളില്‍ അടിമുടി വൈരുദ്ധ്യങ്ങള്‍. മേല്‍കാലയളവില്‍ ബെല്‍ ആകെ സപ്ലൈ ചെയ്തത് 19,69,932 ഇ.വി.എമ്മുകള്‍. പക്ഷെ കമ്മിഷന്റെ കണക്കില്‍ വെറും 10,05,662 മാത്രം. ഇ.സി.ഐ വിതരണം ചെയ്തത് 19,44,593. പക്ഷേ കമ്മിഷന്റെ പക്കലുള്ളത് 10,14,644 ഉം. രണ്ട് കമ്പനികള്‍ക്കുമായി ആകെ 652.66 കോടി ഇ.വി.എം വാങ്ങിയ ഇനത്തില്‍ ലഭിച്ചു. പക്ഷെ, കമ്മിഷന്റെ കണക്ക് പ്രകാരം ചെലവായത് 536 കോടി. 116 കോടി രൂപ അധികം.

വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതും മടക്കി വാങ്ങുന്നതുമായ വോട്ടിങ് യന്ത്രങ്ങള്‍ക്ക് കൃത്യമായ കണക്കുകളില്ല. കേടായതും കാലഹരണപ്പെട്ടതുമായ യന്ത്രങ്ങള്‍ നശിപ്പിച്ചതിനും രേഖകളില്ല. വോട്ടിങ് യന്ത്രങ്ങളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ലഭ്യമല്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി. വിവരാവകാശ മറുപടികളുടെ പശ്ചാത്തലത്തില്‍ ബോംബെ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ് മനോരഞ്ജന്‍ റോയ്. ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കോടതി നോട്ടീസയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും. വോട്ടിങ് യന്ത്രങ്ങളിലെ തകരാറ് വ്യാപകമാവുകയും തിരിമറി ആരോപണം ഉയരുകയും പലയിടത്തും കാണാതാവുന്നതായി പരാതി ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് കണക്കില്ലെന്ന വാര്‍ത്ത പുറത്തുവരുന്നത്.

Similar Posts