വിമാനത്താവളത്തിന് വ്യാജ ബോംബ് ഭീഷണി; പിടിയിലായ എംടെക് വിദ്യാര്‍ഥി പറഞ്ഞ കാരണം ഇങ്ങനെ...
|കാനഡ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മോശം അഭിപ്രായങ്ങളോടെ വ്യാജ ഇമെയിൽ അയച്ച് സൈറാമിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്താന്‍ പ്രതി നേരത്തെ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇമെയിൽ വഴി വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച വിദ്യാര്‍ഥി പിടിയില്‍. സൈബരാബാദ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എംടെക് വിദ്യാർത്ഥിയായ 24 കാരന്‍ കത്രാജു ശശികാന്താണ് അറസ്റ്റിലായത്.
ചോദ്യം ചെയ്യുന്നതിനിടെ കുറ്റം സമ്മതിച്ച പ്രതി, എന്തിനാണ് വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്നും വെളിപ്പെടുത്തി. തന്റെ ബാല്യകാല സുഹൃത്തായ സൈറാം കലേരു ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകുന്നതിൽ അസൂയ മൂത്താണത്രെ ഇയാള്‍ യാത്ര മുടക്കാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. എംടെക് വിദ്യാര്‍ഥിയായ ശശികാന്ത് തൊഴില്‍ രഹിതനായി തുടരുമ്പോള്‍ സുഹൃത്ത് വിദേശത്തേക്ക് പോകുന്നതില്‍ അസ്വസ്ഥനായ ഇയാള്‍ യാത്ര മുടക്കാനായി തിരഞ്ഞെടുത്ത വഴി നിരവധി പേരെയാണ് വലച്ചതെന്ന് പൊലീസ് പറഞ്ഞു.
കാനഡ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മോശം അഭിപ്രായങ്ങളോടെ വ്യാജ ഇമെയിൽ അയച്ച് സൈറാമിന്റെ കരിയറില്‍ കരിനിഴല്‍ വീഴ്ത്താന്‍ പ്രതി നേരത്തെ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നിട്ടും സൈറാമിന് വിസ അനുവദിക്കപ്പെട്ടതോടെയാണ് അസൂയയും നിരാശയും മൂലം ഇയാള്‍ കടുംകൈക്ക് മുതിര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ശശികാന്ത് ഫോണിൽ നിന്ന് ബോംബ് ഭീഷണി അയച്ചത്. ആർ.ജി.ഐ.എയുടെ കസ്റ്റമര്‍ സപ്പോര്‍ട്ടിലേക്കാണ് “നാളെ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന്” ഇയാള്‍ സന്ദേശം അയച്ചത്. ഭീഷണി സന്ദേശത്തില്‍ ശശികാന്ത്, സൈറാമിന്റെ ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ചേര്‍ത്തിരുന്നു. പൊലീസ് സൈറാമിനെ പിടികൂടുമെന്നായിരുന്നു ശശികാന്തിന്റെ കണക്കുകൂട്ടല്‍.
എന്നാൽ, ഐ.പി വിലാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദ് പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വ്യാജ സന്ദേശം ലഭിച്ച ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തില്‍ തിരച്ചിൽ നടത്തിയിരുന്നു. സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇമെയിൽ വ്യാജമാണെന്ന് ഉറപ്പിക്കുകയായിരുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം ശശികാന്തിനെതിരെ കേസെടുത്തിട്ടുണ്ട്. ഏതായാലും തടസങ്ങളെല്ലാം നീങ്ങിയതോടെ സൈറാം കാനഡയിലേക്ക് ബുധനാഴ്ച പറന്നുവെന്നാണ് റിപ്പോര്‍ട്ട്.