യു.എ.പി.എ ചുമത്തി ജയിലിലുള്ള കര്‍ഷക നേതാവ് അഖിൽ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു
|പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അഖിൽ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്തതിന് യു.എ.പി.എ ചുമത്തി അറസ്റ്റിലായ കൃഷക് മുക്തി സൻഗ്രാം സമിതി (കെഎംഎസ്എസ്) നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ അഖിൽ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. അസമിലെ ഗുവാഹത്തി സെൻട്രൽ ജയിലിലാണ് നിലവില്‍ ഗൊഗോയിയുള്ളത്. നേരത്തെ മറ്റു നേതാക്കളായ ബിട്ടു സോനോവാല്‍, ധര്‍ജ്യ കോന്‍വാര്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയിരുന്നു. മറ്റൊരു നേതാവായ മനാഷ് കോന്‍വാറിന്റെ പരിശോധനാ റിപ്പോര്‍ട്ട് ഇത് വരെ പുറത്തുവന്നിട്ടില്ല.
കര്‍ഷക നേതാവായ അഖിൽ ഗൊഗോയി കുറച്ച് കാലമായി അസുഖബാധിതനായിരുന്നു. ഇതിനെതുടര്‍ന്നാണ് സാമ്പിള്‍ ശേഖരിക്കുകയും ഫലം പോസിറ്റീവ് ആയതായി കണ്ടെത്തുകയും ചെയ്തത്. ഗൊഗോയിക്ക് കോവിഡ് രോഗലക്ഷണമുള്ളതായി ചാനലുകളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എന്നാല്‍ ജയില്‍ അധികൃതര്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഭാര്യയും കോളേജ് അധ്യാപികയുമായ ഗീതശ്രീ തമുലി പറഞ്ഞു.
അതെ സമയം അഖിൽ ഗൊഗോയിയെ മോചിപ്പിക്കാനും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാനത്ത് കനത്ത പ്രതിഷേധ സമരങ്ങള്‍ അരങ്ങേറി. ജയിലിലുള്ളവര്‍ക്ക് ആവശ്യമായ ചികിത്സാ സംവിധാനം ഒരുക്കാത്തതിനെതിരെ അഖില്‍ ഗൊഗോയിയുടെ ദീര്‍ഘകാല സഹചാരിയും സെക്കന്റ് കമാന്‍ഡറുമായ കമല്‍ കുമാര്‍ മേദി വീഡിയോ സന്ദേശത്തിലൂടെ രംഗത്തുവന്നു. സി.എ.എക്കെതിരായ സമരം നടത്തിയതിന് 2019 ഡിസംബർ 27നാണ് അഖില്‍ ഗൊഗോയിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.