ഇന്ത്യ - ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്
|സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യ - ചൈന രണ്ടാം ഘട്ട നയതന്ത്ര തല ചര്‍ച്ച ഇന്ന്. ലഡാക്കിൽ മൂന്നിടത്ത് സേനാ പിൻമാറ്റം പൂർത്തിയായ സാഹചര്യത്തിലാണ് നീക്കം. സംഘർഷ സൂചന ലഭിച്ചാലുടൻ പാങ്കോങ്സോക്ക് സമീപമുള്ള ഫിംഗർ ഏരിയയിൽ സൈനിക പട്രോളിങ് ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഗൽവാൻ, ഗോഗ്ര, ഹോട്ട് സ്പ്രിംഗ്സ് എന്നിവിടങ്ങളിൽ സേനാ പിൻമാറ്റം പൂർത്തിയായതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പാങ്കോങ് സോ പ്രദേശത്തെ സേനാ പിൻമാറ്റം മന്ദഗതിയിലാണ്. ജൂലൈ 5ന് ചേർന്ന വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ കമ്മറ്റി കൂടിക്കാഴ്ചയിൽ രൂപപ്പെട്ട പരസ്പര സമ്മതത്തോടെയുള്ള നിബന്ധനകൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട നയതന്ത്രതല ചർച്ച നടക്കാനിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായാണ് ചർച്ച നടത്തുക. ഇന്ത്യ പ്രധാനമായും നിലവിൽ ശ്രദ്ധയൂന്നുന്നത് അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റുക, പഴയ സ്ഥിതിയിലേക്ക് സാഹചര്യങ്ങളെ മടങ്ങി കൊണ്ടുപോവുക, റിഡ്ജ് ലൈൻ പുനസ്ഥാപിക്കുക എന്നിവയിലാണ്.
കഴിഞ്ഞ ഞായറാഴ്ച അജിത് ഡോവലും വാങ് യിയും രണ്ട് മണിക്കൂറിലധികം വീഡിയോ സംഭാഷണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സേനാ പിൻമാറ്റം വേഗത്തിൽ ആയത്. സമാധാന ശ്രമങ്ങൾ വേഗത്തിലാക്കാനും സേനാ പിൻമാറ്റം ആരംഭിക്കാനും ധാരണയായിരുന്നു. ഇതിൻറെ തുടർച്ചയായുള്ള തീരുമാനങ്ങൾ ആയിരിക്കും രണ്ടാംഘട്ട കൂടിക്കാഴ്ചയിൽ ഉണ്ടാവുക.