ഒരു കിലോഗ്രാം ചാണകത്തിന് ഒന്നര രൂപ: കോണ്‍ഗ്രസ് പദ്ധതിയെ അഭിനന്ദിച്ച് ആര്‍എസ്എസ്, വിമര്‍ശിച്ച് ബിജെപി
|ഛത്തീസ്ഗഡിലെ കര്‍ഷകരില്‍ നിന്നും ചാണകം സംഭരിച്ച് ജൈവവളമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ തീരുമാനത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസും ബിജെപിയും രണ്ട് തട്ടില്‍.
ഛത്തീസ്ഗഡിലെ കര്‍ഷകരില്‍ നിന്നും ചാണകം സംഭരിച്ച് ജൈവവളമാക്കി മാറ്റാനുള്ള കോണ്‍ഗ്രസ് സർക്കാരിന്റെ തീരുമാനത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസും ബിജെപിയും രണ്ട് തട്ടില്‍. കോണ്‍ഗ്രസ് സര്‍ക്കാരിന് അഭിനന്ദനവുമായി ആര്‍എസ്എസ് രംഗത്തെത്തിയപ്പോള്‍, പുതിയ പദ്ധതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
ഒരു കിലോഗ്രാം ചാണകത്തിന് ഒന്നര രൂപ നിരക്കിൽ കർഷകരിൽ നിന്ന്ചാണകം വാങ്ങുമെന്നാണ്മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞത്. ഇതിൽ നിന്ന് ജൈവ വളം ഉണ്ടാക്കി കർഷകർക്ക് തിരികെ വിൽക്കാനാണ് സർക്കാർ പദ്ധതി. കോൺഗ്രസ് സര്‍ക്കാരിന്റെ ഗോദാൻ ന്യായ് യോജന പ്രകാരം ജൂലൈ 21 മുതല്‍ സംസ്ഥാനത്ത് ചാണക സംഭരണം ആരംഭിക്കും.
വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന്പകരം ചാണകം വാരാൻ നിർബന്ധിക്കുകയാണ് സർക്കാരെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. ഇതിനിടെയാണ്സർക്കാർ പ്രഖ്യാപനത്തെ പ്രശംസിച്ച് ആർ.എസ്.എസ്രംഗത്തെത്തിയത്. 'ജനകീയ മുഖ്യമന്ത്രി' തങ്ങളുടെ ആഗ്രഹങ്ങളിലൊന്ന് സാധിച്ചു തന്നിരിക്കുന്നു എന്നാണ് ആർഎസ്എസ് പദ്ധതിയെ വിശേഷിപ്പിച്ചത്. ചാണകം കിലോ അഞ്ചുരൂപ നിരക്കിൽ സംഭരിക്കണമെന്നും ജൈവ കീടനാശിനിയാക്കി മാറ്റണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പ്രാന്ത പ്രമുഖ് സുബോധ് രതി പറഞ്ഞു.
എന്നാല്‍ ആർഎസ്എസ് നേതാക്കളുടെ പിന്തുണയില്‍ അത്ഭുതമില്ലെന്നും രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന തോന്നലും സമൂഹത്തിലെ എല്ലാ വിഭാഗവും സര്‍ക്കാരിനെ അംഗീകരിക്കുന്നു എന്ന തിരിച്ചറിവുമാണ് അതിന് കാരണമെന്നും പദ്ധതിക്കു പിന്നിൽ തങ്ങളാണെന്നു തെളിയിക്കാനുള്ള ശ്രമമാണ് അവരുടേതെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പരിഹസിച്ചു.