India
കോവിഡിനെ തുരത്താൻ ‘ഭാഭിജി പപ്പട’വുമായി ​കേന്ദ്രമന്ത്രി; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം
India

കോവിഡിനെ തുരത്താൻ ‘ഭാഭിജി പപ്പട’വുമായി ​കേന്ദ്രമന്ത്രി; സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

|
24 July 2020 8:22 AM GMT

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ആന്റിജൻ ഉത്പാദിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ഭാഭിജി പപ്പടത്തിലുണ്ടെന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്.

കോവിഡ് പ്രതിരോധത്തിന് പപ്പടം കഴിച്ചാൽ മതിയെന്ന വിചിത്രവാദവുമായി കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഭാഭിജി പപ്പടം എന്ന് പേരിട്ടിരിക്കുന്ന പപ്പടം പരിചയപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം.

കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ആന്റിജൻ ഉത്പാദിപ്പിക്കാൻ സഹായകരമായ ഘടകങ്ങൾ ഭാഭിജി പപ്പടത്തിലുണ്ടെന്നാണ് മന്ത്രി വീഡിയോയിൽ പറയുന്നത്. ആത്മനിർഭർ അഭിയാന് കീഴിലാണ് പപ്പട നിർമാണമെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ ട്രോളന്മാർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

മന്ത്രിയെ കളിയാക്കി അഭിനേത്രിയും കോൺഗ്രസ്​ നേതാവുമായ നഗ്​മ രംഗത്തെത്തി. ‘എല്ലാവരും പപ്പടം കഴിച്ചോളൂ. പപ്പടം കഴിച്ചാൽ കോവിഡ്​ ബാധിക്കില്ലെന്നാണ്​ ബി.ജെ.പി മന്ത്രി പറയുന്നത്’ - നഗ്​മ ട്വീറ്റ് ചെയ്തു.

ഒരു ദിവസം ഒരു പപ്പടം- കൊറോണയെ അകറ്റിനിർത്തുമെന്ന് പറയുന്ന മന്ത്രി രാംദാസ് അത്തേവാലയ്ക്ക് ഭീഷണിയാണെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി ട്വീറ്റ് ചെയ്തു.

അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കോവിഡ് വാക്സിൻ കണ്ടുപിടിക്കാൻ തീവ്രശ്രമം നടത്തുമ്പോഴാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതെന്ന വിമർശനവും ഉയരുന്നു.

Similar Posts