India
കോവിഡ് ഭേദമായതിന് പിന്നാലെ പാവങ്ങളുടെ 10 രൂപ ഡോക്ടർ അന്തരിച്ചു
India

കോവിഡ് ഭേദമായതിന് പിന്നാലെ 'പാവങ്ങളുടെ 10 രൂപ ഡോക്ടർ' അന്തരിച്ചു

|
24 July 2020 12:09 PM GMT

ചികിത്സക്ക് തുച്ഛമായ തുക മാത്രം ഈടാക്കിയിരുന്നതിനാൽ ചെന്നൈയിലെ ഈ ഡോക്ടർ പാവങ്ങളുടെ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്.

ചികിത്സക്ക് ഫീസായി 10 രൂപ മാത്രം രോ​ഗികളിൽ നിന്ന് വാങ്ങിയിരുന്ന ഡോ സി മോഹന്‍ റെഡ്ഡി അന്തരിച്ചു. 84 വയസ്സായിരുന്നു. കോവിഡ് ഭേദമായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ചികിത്സക്ക് തുച്ഛമായ തുക മാത്രം ഈടാക്കിയിരുന്നതിനാൽ ചെന്നൈയിലെ ഈ ഡോക്ടർ പാവങ്ങളുടെ ഡോക്ടർ എന്നാണ് അറിയപ്പെട്ടിരുന്നത്.

കോവിഡ് സ്ഥിരീകരിച്ചതോടെ ജൂൺ 25നാണ് മോഹൻ റെഡ്ഡി ആശുപത്രിയിൽ ചികിത്സ തേടിയത്. കോവിഡ് ഫലം പിന്നീട് നെ​ഗറ്റീവായി. പെട്ടെന്നുണ്ടായ ശ്വാസകോശ സംബന്ധമായ തകരാറ് മൂലം മരണം സംഭവിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരൻ പറഞ്ഞു. ചികിത്സക്കായി ചെന്നൈ വില്ലിവാക്കത്തെ സാധാരണക്കാരും ചേരിനിവാസികളുമെല്ലാം അദ്ദേഹത്തെയാണ് ആശ്രയിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഡോക്ടറുടെ മരണം പ്രദേശത്തിനാകെ വേദനയായി മാറി.

ആന്ധ്ര പ്രദേശ് സ്വദേശിയായ മോഹൻ റെഡ്ഡി പിന്നീട് തമിഴ്നാട്ടിലെത്തുകയായിരുന്നു. വില്ലിവാക്കത്ത് ഒരു നഴ്സിങ് ഹോം തുടങ്ങുകയും ചെയ്തു.

സാധാരണക്കാർക്ക് ചികിത്സ നൽകാനായി 30 ബെഡ്ഡുകളുള്ള ആ ചെറിയ ആശുപത്രി എല്ലാ സമയത്തും പ്രവര്‍ത്തിച്ചിരുന്നു. മരണം വരെ അദ്ദേഹം തന്നെ തേടിയെത്തിയവർക്ക് ചികിത്സ ഉറപ്പ് വരുത്തി. സാമ്പത്തിക പ്രശ്നമില്ലാത്തവരിൽ നിന്ന് 100 രൂപ ഫീസായി വാങ്ങിയിരുന്നെങ്കിലും അതോടൊപ്പം പാവപ്പെട്ടവർക്കും ചികിത്സ ഉറപ്പ് വരുത്തി. വിവാഹം കഴിച്ചിട്ടില്ല. ആശുപത്രിയിൽ തന്നെയായിരുന്നു താമസം.

പ്രായം പരി​ഗണിക്കുമ്പോൾ കോവിഡ് കാലത്ത് രോ​ഗികളെ കാണുന്നത് സ്വന്തം ജീവൻ അപകടത്തിലാക്കുമെന്ന് അറിഞ്ഞിട്ടും അദ്ദേഹം പിന്മാറിയില്ല. ഒടുവിൽ അദ്ദേഹത്തിനും കോവിഡ് ബാധിച്ചു. പാവങ്ങൾക്കായി ജീവിച്ച നല്ല മനുഷ്യൻ ഈശ്വരനിൽ അലിഞ്ഞെന്ന് വെല്ലിവാകം എംഎൽഎ രം​ഗനാഥൻ പറഞ്ഞു.

Similar Posts