കേസില്‍ കേന്ദ്രസര്‍ക്കാരിനെ കക്ഷി ചേര്‍ത്തു; രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അസാധാരണ നടപടിയുമായി ഹൈക്കോടതി
|സ്പീക്കറുടെ അയോഗ്യതാ നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് വിഭാഗം നല്‍കിയ ഹരജിയില്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.
രാജസ്ഥാനിൽ തനിക്കൊപ്പമുളള എം.എൽ.എമാർക്കെതിരായ സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ കേസിൽ അസാധാരണ നടപടിയുമായി രാജസ്ഥാൻ ഹൈക്കാേടതി. വിധിപറയുംമുമ്പ് കേന്ദ്രത്തെകൂടി കക്ഷി ചേർക്കണമെന്ന സച്ചിന്റെ ആവശ്യത്തെ കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ വിധിവരുന്നതിന് തൊട്ടുമുമ്പാണ് സച്ചിൻ ഇക്കാര്യമാവശ്യപ്പെട്ട് ഹർജി നൽകിയത്. വിധി പറയാനിരിക്കുന്ന കേസിൽ ഇത്തരത്തിലുളള നടപടി അസാധാരണമാണ്.
സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നത്. അതേസമയം കേന്ദ്രത്തെക്കൂടി കക്ഷിചേർക്കണമെന്ന വാദം കോടതി അംഗീകരിച്ചതോടെ കേസിൽ വിധി പറയുന്നത് നീളും. സച്ചിന്‍ ക്യാമ്പിന് ആശ്വാസം നല്‍കുന്നതാണ് ഹൈക്കോടതിയുടെ പുതിയ തീരുമാനം. അന്തിമവിധി വരുംവരെ തനിക്കൊപ്പമുളള എം എൽ എ മാർക്കെതിരായ സ്പീക്കറുടെ നടപടി തടയാന്‍ ഇത് മൂലം സച്ചിന് കഴിയും. നിയമസഭ കൂടാതിരിക്കെ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കാൻ സ്പീക്കർക്ക് അധികാരമില്ല എന്നായിരുന്നു സച്ചിൻ പൈലറ്റ് കോടതിയിൽ പറഞ്ഞിരുന്നത്.
എന്നാല്‍ കോടതി വിധി അനുകൂലമായാലും പ്രതികൂലമായാലും വിമത എം.എൽ.എമാരെ അയോഗ്യരാക്കാനാണ് ഗഹ്ലോട്ടിന്‍റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ വിളിക്കാനും വിശ്വാസവോട്ട് തേടാനും രാജസ്ഥാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നുണ്ട്.