India
പച്ചക്കറി മാര്‍ക്കറ്റിലെ പിഎച്ച്ഡിക്കാരി; സ്ഥലമൊഴിപ്പിക്കാന്‍ വന്നവരോട് ഇംഗ്ലീഷില്‍ ചുട്ടമറുപടി
India

പച്ചക്കറി മാര്‍ക്കറ്റിലെ പിഎച്ച്ഡിക്കാരി; സ്ഥലമൊഴിപ്പിക്കാന്‍ വന്നവരോട് ഇംഗ്ലീഷില്‍ ചുട്ടമറുപടി

|
24 July 2020 3:37 AM GMT

തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന റയീസ അന്‍സാരി എന്ന യുവതിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്.

കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി പറയുന്ന പച്ചക്കറിവില്‍പനക്കാരിയുടെ വീഡിയോ വൈറല്‍. മധ്യപ്രദേശിലെ ഇൻഡോറില്‍ നിന്നാണ് വീഡിയോ. തെരുവില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന റയീസ അന്‍സാരി എന്ന യുവതിയാണ് മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കാന്‍ വന്നപ്പോള്‍ പ്രതിഷേധിച്ചത്. ഇതുകേട്ട മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയപ്പോള്‍ മെറ്റീരിയല്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും റയീസ പറയുന്നുണ്ട്.

ഇന്‍ഡോര്‍ ചന്തയിലെ തെരുവ് കച്ചവടക്കാര്‍ കോവിഡ് മഹാമാരിക്കാലത്ത് ഉപജീവനം നടത്താന്‍ കഷ്ടപ്പെടുകയാണ്. 'ചില സമയങ്ങളില്‍ മാര്‍ക്കറ്റിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കും. അധികാരികള്‍ വന്ന് ചിലപ്പോള്‍ മറുഭാഗവും അടപ്പിക്കും. അങ്ങനെയാവുമ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ എത്താറുള്ളൂ. ഞങ്ങളെപ്പോലുള്ള പഴം-പച്ചക്കറി തെരുവ് കച്ചവടക്കാര്‍ ഞങ്ങളുടെ വീടുകള്‍ എങ്ങനെ പുലര്‍ത്തും?. ഇവിടെയുള്ളവര്‍ എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ്. ഞങ്ങള്‍ 20 പേരെങ്കിലുമുണ്ട്. അവരൊക്കെ എങ്ങനെ ഉപജീവനം നടത്തും. പിടിച്ചു നില്‍ക്കും?. സ്റ്റാളുകളിലൊന്നും ഒരു തിരക്കുമില്ല. എന്നാലും അധികൃതര്‍ ഞങ്ങളോട് ഇവിടുന്ന് പോകാന്‍ പറയുകയാണ്'. റയീസ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

ഇന്ദോറില്‍ ദേവി അഹല്യ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് റയീസ പത്ത് വര്‍ഷം മുമ്പ് പിഎച്ച്ഡി നേടിയത്. പിഎച്ച്ഡിക്കാരിയായിട്ടും മെച്ചപ്പെട്ടൊരു ജോലിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ആര് ജോലി തരുമെന്നായിരുന്നു മറുപടി. വീഡിയോ വൈറലായതോടെ പത്തു വർഷം മുമ്പ്​ റയീസ ഡി.എ.വി.വിയിൽ വിദ്യാർഥിനിയായിരുന്നുവെന്ന്​ ഫിസിക്​സ്​ ഡിപാർട്മെന്റ്​ അധ്യാപകനായിരുന്ന ഡോ രാജ്കുമാര്‍ ചൗഹാനും ഓര്‍ത്തെടുത്തു. മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നു റയീസയെന്നും പച്ചക്കറിക്കടയില്‍ ജോലി ചെയ്യാന്‍ അവരെ നിര്‍ബന്ധമാക്കിയത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Watch Video

Similar Posts