രാഹുൽ ഗാന്ധിയെ വീണ്ടും അധ്യക്ഷനാക്കാൻ സമ്മർദ്ദം ശക്തമാകും
|ഇതുയർത്തി ഇന്നത്തെ പ്രവർത്തക സമിതിയിൽ സമ്മർദ്ദമുയരും. മുതിർന്ന അംഗങ്ങളടക്കമുള്ളവർ ഇതിനായി രംഗത്ത് വരും എന്നാണ് സൂചന
കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തന്നെ തിരികെയെത്തണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ വാദം. ഇതുയർത്തി ഇന്നത്തെ പ്രവർത്തക സമിതിയിൽ സമ്മർദ്ദമുയരും. മുതിർന്ന അംഗങ്ങളടക്കമുള്ളവർ ഇതിനായി രംഗത്ത് വരും എന്നാണ് സൂചന.
നേതൃപദവിയിലേക്കില്ലെന്ന നിലപാടാണ് രാഹുലും പ്രിയങ്കയും സ്വീകരിച്ചിട്ടുള്ളത്. നിലപാട് മയപ്പെടുത്താൻ രാഹുൽ തയാറായില്ലെങ്കിൽ സോണിയ തുടരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കാനാണ് ഭൂരിഭാഗം നേതാക്കളുടെയും തീരുമാനം. അതേസമയം, പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്ത് വലിയ ചർച്ചകൾക്ക് വഴിത്തുറക്കും.
കത്തിനെതിരെ മുഖ്യമന്ത്രിമാരായ അമരീന്ദർ സിങ്, അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിട്ടുണ്ട്. കത്ത് അനവസരത്തിലുള്ളതാണെന്നും യോഗത്തിന് മുൻപ് പരസ്യമാക്കിയത് ദൗർഭാഗ്യകരമാണെന്നും അവർ കുറ്റപ്പെടുത്തുന്നു. എന്നാൽ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കത്തു നൽകിയവർ വാദിക്കുന്നു. പ്രവർത്തക സമിതിയിൽ നേതാക്കൾ ഒന്നിച്ചിരുന്ന് പുതിയ നേതാവിനെ തിരഞ്ഞെടുക്കണമെന്ന സന്ദേശമാണ് സോണിയാഗാന്ധി പങ്കു വച്ചിട്ടുളളതെന്നാണ് സൂചന. ഇതോടെ, മുഖ്യമന്ത്രിമാരും കൂടി പങ്കെടുക്കുന്ന പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കും.