വിവാദ ഫേസ്ബുക്ക് എക്സിക്ക്യൂട്ടീവ് അങ്കി ദാസ് രാജി വെച്ചു
|വിവാദങ്ങളുടെ പശ്ചാതലത്തിലല്ല അങ്കി ദാസ് പടിയിറങ്ങുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു
മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ ഫേസ്ബുക്ക് ഇന്ത്യ എക്സിക്ക്യൂട്ടിവ് അങ്കി ദാസ് പടിയിറങ്ങി. ചുമതലയിലിരിക്കെ ഹിന്ദുത്വ സംഘടനകളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് അനുകൂലമായി അങ്കി ദാസ് നിലപാടെടുത്തെന്ന വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാതലത്തിലല്ല അങ്കി ദാസ് പടിയിറങ്ങുന്നതെന്ന് ഫേസ്ബുക്ക് അറിയിച്ചു.
ഫേസ്ബുക്ക് ഇന്ത്യ, ദക്ഷിണ - മധ്യേഷ്യന്‍ വിഭാഗത്തിലെ പബ്ലിക് പോളിസി ഡയറക്ടറായിരുന്നു അങ്കി ദാസ്. വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ബി.ജെ.പിയോട് ഫേസബുക്ക് ഇന്ത്യക്ക് മൃദുസമീപനമാണെന്ന വാള്‍സ്ട്രീറ്റ് ജേണല്‍ ലേഖനത്തെ തുടര്‍ന്നായിരുന്നു വിവാദം ഉടലെടുത്തത്.
ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന്റെ നേരത്തും അതിന് ശേഷവും ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ നീക്കം ചെയ്യരുതെന്ന് നിര്‍ദേശിച്ച് അങ്കി ദാസ് ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി എന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് രാഷ്ട്രീയമായി ഉപയോഗിക്കുകയും കേന്ദ്രസര്‍ക്കാറിന്റെ അവിഹിത ഇടപെടലെന്ന തരത്തില്‍ ആക്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പക്ഷപാതമരമായി പെരുമാറിയിട്ടില്ലെന്നും നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള ഇടം ഉറപ്പ് നല്‍കുകയാണ് തങ്ങളെന്നുമായിരുന്നു അന്ന് ആരോപണങ്ങളെ കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചത്.