''ഒരു ചായക്കാരന് നിങ്ങളുടെ പ്രശ്‌നങ്ങൾ മനസിലായില്ലെങ്കിൽ പിന്നെ ആർക്കാണ് മനസിലാവുക..?''- മോദി
|നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ചബുവ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു മോദി
ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ അസമിലെ തേയിലത്തോട്ട തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുമെന്ന് വാഗ്ദാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ചബുവ ജില്ലയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ചായക്കാരന് നിങ്ങളുടെ പ്രശ്‌നങ്ങൾ മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ആർക്കാണ് മനസിലാവുകയെന്നും മോദി ചോദിച്ചു.
അതേസമയം നാഗ്പുരിലുള്ള സംഘടന രാജ്യത്തെ മുഴുവൻ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് ആർ.എസ്.എസിനെ പരാമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അസമിൽ അധികാരം നിലനിർത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിബ്രുഗഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം അസമിൽ നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.