പൗരത്വ നിയമം നടപ്പാക്കും, സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് സംവരണം: ബിജെപിയുടെ ബംഗാള്‍ പ്രകടന പത്രിക
|മത്സ്യതൊഴിലാളികള്‍ക്ക് വർഷം 6000 രൂപ, മത്സ്യവകുപ്പ്, കർഷകർക്ക് വർഷം 18000 രൂപ, ആയുഷ്മാന്‍ ഭാരത് യോജന നടപ്പിലാക്കും തുടങ്ങിയവയാണ് വാഗ്ദാനങ്ങള്‍.
പൗരത്വ നിയമം നടപ്പാക്കുമെന്ന് വ്യക്തമാക്കിയും വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാഗ്ദാനങ്ങള്‍ നല്‍കിയും ബിജെപിയുടെ പശ്ചിമ ബംഗാളിലെ പ്രകടന പത്രിക. സർക്കാർ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്നാണ് വാഗ്ദാനം. ബംഗാളിനെ കൊള്ളയടിച്ച മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്ന് ബംകുരയയിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപടിക്രമം ആരംഭിച്ച് പൌരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് ബിജെപി ബംഗാളിലെ പ്രകടന പത്രികയില്‍ പ്രധാനമായും പറയുന്നത്. അഭയാർഥി കുടുംബങ്ങള്‍ക്ക് അഞ്ച് വർഷത്തേക്ക് പ്രതിവർഷം 10,000 രൂപ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
സർക്കാർ ജോലിയില്‍ വനിതകള്‍ക്ക് 33 ശതമാനം സംവരണം, വനിതകള്‍ക്ക് സൌജന്യ യാത്ര, പെണ്‍കുട്ടികള്‍ക്കും കർഷകരുടെ മക്കള്‍ക്കും സൌജന്യ പഠനം, മത്സ്യതൊഴിലാളികള്‍ക്ക് വർഷം 6000 രൂപയും കർഷകർക്ക് 10000 രൂപയും, ആയുഷ്മാന്‍ ഭാരത് യോജന നടപ്പിലാക്കും തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ബംഗാളിന്റെ ഭാവി വെച്ച് കളിക്കുന്ന മമത ബാനർജിയുടെ ഭരണം കഴിഞ്ഞു എന്നും രാമ ഭക്തരെ ആക്രമിച്ചവരെ താഴെ ഇറക്കാന്‍ ജനം ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Women to be given 33% reservation in state government jobs: Home Minister and BJP leader Amit Shah while releasing #WestBengalElections 'Sankalp Patra' pic.twitter.com/I2wOA6KCVT
— ANI (@ANI) March 21, 2021
ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേദിനിപൂരിലെ റാലിക്കിടെ ടിഎംസിക്ക് തിരിച്ചടി നല്‍കി സുവേന്ദു അധികാരിയുടെ പിതാവും സിറ്റിങ് എംപിയുമായ ശിശിർ അധികാരി ബിജെപിയിൽ ചേർന്നു. നന്ദിഗ്രാമിൽ സുവേന്ദു അധികാരി മുഖ്യമന്ത്രി മമത ബാനർജിയെ തോല്‍പിക്കുമെന്ന് ശിശിർ പ്രതികരിച്ചു.
രാജ്യദ്രോഹികള്‍ക്കും വഞ്ചകർക്കും ജനം മറുപടി നല്‍കുമെന്ന് മേദിനിപൂരില്‍ 3 റാലികളില്‍ പങ്കെടുത്ത മമത ബാനർജി പ്രതികരിച്ചു. വഞ്ചകരെ തിരിച്ചറിയുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും പണം ഉപയോഗിച്ച് വോട്ട് നേടുന്നവരുടെ കെണിയില്‍ വീഴരുതെന്നും മമത പറഞ്ഞു.