വാട്സ് ആപ്പും ഫേസ് ബുക്കും സ്തംഭിച്ചത് 50 മിനുട്ട്, ബംഗാളില്‍ വികസനം സ്തംഭിച്ചിട്ട് 50 വര്‍ഷമായി: പ്രധാനമന്ത്രി
|'കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ബംഗാളിനെ തകര്‍ത്തു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളുടെ സ്വപ്നങ്ങള്‍ കൂടി തകര്‍ത്തു'.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെയും ഇടത് - കോണ്‍ഗ്രസ് സഖ്യത്തെയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖരഗ്പൂരില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
വാട്സ് ആപ്പും ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും 50-55 മിനിട്ട് നിശ്ചലമായപ്പോള്‍ തന്നെ എല്ലാവരും ആശങ്കയിലായി. എന്നാല്‍ ബംഗാളില്‍ വികസനം നിശ്ചലമായിട്ട് 50-55 വര്‍ഷം കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ബംഗാളിനെ തകര്‍ത്തു. പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങളുടെ സ്വപ്നങ്ങള്‍ കൂടി തകര്‍ത്തു. കഴിഞ്ഞ 70 വര്‍ഷം നിങ്ങള്‍ എല്ലാവര്ക്കും അവസരം നല്കി. ഇനി ഞങ്ങള്‍ക്ക് അഞ്ച് വര്‍ഷം തരൂ. കഴിഞ്ഞ 70 വര്‍ഷത്തെ നാശത്തില്‍ നിന്നും ബംഗാളിനെ ഞങ്ങള്‍ രക്ഷിക്കും.
രാജ്യം ഏകജാലക സംവിധാനത്തിലേക്ക് നീങ്ങുമ്പോള്‍ ബംഗാളില്‍ സ്ഥിതി മറിച്ചാണ്. മമത ബാനര്‍ജിയുടെ അനന്തരവന് അഭിഷേക് ബാനര്‍ജിയുടെ അനുവാദമില്ലാതെ ഒരു വ്യവസായവും തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണിവിടെ എന്ന് മോദി പരോക്ഷമായി വിമര്‍ശിച്ചു. ബംഗാളില്‍ പഴയ പല വ്യവസായങ്ങളും ഇതോടെ നശിച്ചു. മാഫിയ വ്യവസായം മാത്രമാണ് ഇവിടെ തഴച്ചുവളരുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.
മമത ബാനര്‍ജിക്ക് കുട്ടികളുടെ ഭാവിയെ കുറിച്ച് ഒരു ചിന്തയുമില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. അതിനാലാണ് പുതിയ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളും എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും സിഇഒമാരും ആവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാല്‍ മമത ദീദി എതിര്‍ക്കുകയാണെന്ന് മോദി ആരോപിച്ചു.
2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിങ്ങളില്‍ പലരുടെയും വോട്ടവകാശം നിഷേധിക്കപ്പെട്ടു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് അങ്ങനെയാവില്ല. യാതൊരു ഭയവുമില്ലാതെ നിങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാമെന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.