![ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണം; ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത് ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണം; ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത്](https://www.mediaoneonline.com/h-upload/old_images/1193022-akhilgogoi.webp)
"ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാവരും ഒന്നിക്കണം"; ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത്
![](/images/authorplaceholder.jpg)
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്
അസമിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി.
"അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണം. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, അവര്‍ സംസ്ഥാനത്തെ രക്ഷിക്കാനുള്ള അന്തിമ തീരുമാനം എടുക്കണം. അസം രക്ഷപ്പെടണമെങ്കില്‍ ബി.ജെ.പിക്കോ സി.എ.എയ്ക്ക് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുത്. ഈ കാലയളവില്‍ താന്‍ കടുത്ത മാനസികവും ശാരീരികവുമായ ആഘാതം അനുഭവിച്ച് ജയിലില്‍ കഴിയുകയാണ്, തന്റെ ഭാവി എന്താണെന്ന് അറിയില്ല. പക്ഷേ ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ അസമിന്റെയും അവിടുത്തെ ജനങ്ങളുടെയും ഭാവി ഇരുണ്ടതാകും" അഖില്‍ ഗൊഗോയി പറഞ്ഞു.
ശിവ്സാഗർ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന അഖില്‍ ഗൊഗോയ് ജയിലില്‍ നിന്നാണ് തുറന്നകത്ത് അയച്ചത്. അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബിജെപിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു.
അഖിൽ ഗൊഗോയ് അസം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അസമിൽ പുതിയതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയായ റായ്ജോർ ദളിന്‍റെ സ്ഥാനാർഥിയായാണ് ജനവിധി തേടുക. ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴിയുകയാണ് അദ്ദേഹം. ശിവ്സാഗർ മണ്ഡലത്തിൽനിന്നാണ് അദ്ദേഹം മത്സരിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച അഖിൽ ഗൊഗോയ്ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിലവിൽ കർഷക സംഘടനയായ ക്രിഷക് മുക്തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അഖിൽ. സി.എ.എക്കെതിരായ സമരം നടത്തിയതിന് 2019 ഡിസംബർ 27നാണ് അഖില്‍ ഗൊഗോയിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.