പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് അസമില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക
|പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം അതേ അർത്ഥത്തില്‍ നടപ്പാക്കുമെന്നും പിന്നോട്ടില്ലെന്നുമാണ് അസമിലെ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്.
പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് അസമില്‍ ബി.ജെ.പിയുടെ പ്രകടനപത്രിക. പൗരൻമാരുടെ സംരക്ഷണത്തിനായി എന്‍.ആര്‍.സിയില്‍ തിരുത്തൽ വരുത്തുമെന്നും പ്രകടന പത്രികയിലുണ്ട്. തോട്ടം മേഖലക്കും സ്ത്രീകള്‍ക്കും പ്രത്യേക വാഗ്ദാനങ്ങളും ബിജെപി നല്‍കിയിട്ടുണ്ട്. അതേസമയം ബി.ജെ.പി ജനമനസുകളിൽ ഭീതി നിറക്കുകയാണെന്നും ജനം ഇതിന് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.
പാർലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം അതേ അർത്ഥത്തില്‍ നടപ്പാക്കുമെന്നും പിന്നോട്ടില്ലെന്നുമാണ് അസമിലെ പ്രകടന പത്രിക പുറത്തിറക്കി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യക്തമാക്കിയത്. നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തും. അസമിന്റെ രാഷ്ട്രീയ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. പൗരന്മാരുടെ സംരക്ഷണത്തിനായി എന്‍.ആര്‍.സിയില്‍ തിരുത്തൽ വരുത്തുന്ന നടപടി തുടരുകയാണെന്നും നദ്ദ വിശദീകരിച്ചു.
തോട്ടം തൊഴിലാളികൾക്ക് പ്രത്യേക ഇൻസെന്റീവ്, പെൺകുട്ടികൾക്ക് സൈക്കിൾ, സൗജന്യ വിദ്യാഭ്യാസം, ഭൂരഹിതർക്ക് ഭൂമി, അസമിനെ പ്രളയമുക്തമാക്കും തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങള്‍. സ്വകാര്യ മേഖലയിൽ ഒരു ലക്ഷം തൊഴിൽ, രണ്ട് ലക്ഷം യുവാക്കൾക്ക് ജോലി, സംരംഭകത്വം പ്രോത്സാഹിപ്പിക്കും എന്നീ ഉറപ്പുകളും പ്രകടന പത്രികയില്‍ ഉണ്ട്. അതേസമയം പൗരത്വഭേദഗതി നിയമം ഉയർത്തി ബി.ജെ.പി ജനമനസുകളിൽ ഭീതി നിറക്കുന്നു എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സി.എ.എ വിവേചനവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണെന്നും കോൺഗ്രസ് ആരോപിച്ചു.