India
20 വർഷത്തിനിടയിൽ ലഭിച്ചത് 1800 കിലോ സ്വർണവും 2000 കോടി രൂപയും:  വൈഷ്ണോ ദേവി ക്ഷേത്രത്തിന് ലഭിച്ച സംഭാവനയുടെ വിവരങ്ങൾ
India

20 വർഷത്തിനിടയിൽ ലഭിച്ചത് 1800 കിലോ സ്വർണവും 2000 കോടി രൂപയും: വൈഷ്ണോ ദേവി ക്ഷേത്രത്തിന് ലഭിച്ച സംഭാവനയുടെ വിവരങ്ങൾ

Web Desk
|
23 March 2021 2:55 PM GMT

2000-2020 വർഷക്കാലത്ത് ക്ഷേത്രത്തിന് ലഭിച്ച സംഭാവനയുടെ വിവരങ്ങളാണിത്

20 വർഷത്തിനിടയിൽ 1800 കിലോ സ്വർണവും 2000 കോടി രൂപയും 4700 കിലോ വെള്ളിയുമാണ് ജമ്മുവിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ചത്. 2000-2020 വർഷക്കാലത്തെ വിവരങ്ങളാണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ജമ്മുവിലെ കത്രയ്ക്ക് സമീപമുള്ള ത്രികൂട പർവതത്തിൽ സ്ഥിതി ചെയ്യുന്ന വൈഷ്‌ണോ ദേവി ക്ഷേത്രം. ന്യൂസ് പോർട്ടലായ ബിസിനസ് ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

2000ൽ 50ലക്ഷം പേരും 2018 ലും 2019ലും 80 ലക്ഷം പേരുമാണ് ക്ഷേത്രം സന്ദർശിച്ചത്. എന്നാൽ കോവിഡ് പ്രതിസന്ധി നേരിട്ട 2020ൽ ക്ഷേത്രത്തിലെത്തിയത് 17 ലക്ഷം പേരാണ്.

ആക്ടിവിസ്റ്റായ ഹേമന്ദ് ഗൗനിയയുടെ വിവരാവകാശ രേഖയിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. ലെഫ്റ്റനന്റ് ഗവർണർക്ക് നൽകിയ വിവരാവകാശം മൂലമുള്ള ചോദ്യത്തിന് കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം ബോർഡ് എക്‌സിക്യുട്ടീവ് ഓഫീസറാണ് മറുപടി നൽകിയത്.

ദക്ഷിണയായും ദാനമായുമാണ് ക്ഷേത്രത്തിലേക്ക് ഈ തുക ലഭിച്ചതെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനയുടെ വിവരങ്ങൾ എവിടെയും പ്രസിദ്ധീകരിച്ച് കാണാറില്ല. അതിനാലാണ് വിവരാവകാശ രേഖ നൽകിയതെന്ന് ഹേമന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts