India
നിയമസഭയില്‍ പൊലീസ് എംഎല്‍എമാരെ വലിച്ചിഴച്ചു, മര്‍ദിച്ചു; ജനാധിപത്യത്തിലെ കരിദിനമെന്ന് തേജസ്വി യാദവ്
India

നിയമസഭയില്‍ പൊലീസ് എംഎല്‍എമാരെ വലിച്ചിഴച്ചു, മര്‍ദിച്ചു; ജനാധിപത്യത്തിലെ കരിദിനമെന്ന് തേജസ്വി യാദവ്

Web Desk
|
24 March 2021 10:38 AM GMT

പൊലീസിന്​ അമിതാധികാരം നൽകുന്ന​ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധമാണ് നിയമസഭയില്‍ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടത് ​

ബിഹാര്‍ നിയമസഭയില്‍ ഇന്നലെ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത്. സ്ത്രീകള്‍ അടക്കമുള്ള എംഎല്‍എമാരെ പൊലീസ് മര്‍ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. രണ്ട് വനിതാ എംഎല്‍എമാര്‍ ഉൾപ്പെടെ 12 എംഎൽഎമാർക്കാണ്​ പരിക്കേറ്റത്​. പൊലീസിന്​ അമിതാധികാരം നൽകുന്ന​ നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധമാണ് നിയമ സഭയില്‍ പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നേരിട്ടത്. ​

ബിഹാര്‍ സ്പെഷ്യല്‍ ആംഡ് പൊലീസ് ആക്റ്റിനെതിരെയായിരുന്നു ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാരുടെ പ്രതിഷേധം. വാറണ്ട് ഇല്ലാതെ ആരെയും സെര്‍ച്ച് ചെയ്യാനും കസ്റ്റഡിയിലെടുക്കാനും ഈ നിയമം പൊലീസിന് അനുമതി നല്‍കുന്നു. ആര്‍ജെഡി എംഎല്‍എമാര്‍ ബില്‍ കീറിക്കളഞ്ഞാണ് സഭയില്‍ പ്രതിഷേധിച്ചത്. സ്പീക്കറെ പ്രതിപക്ഷ എംഎല്‍എമാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് പറ്റ്ന പൊലീസ് മേധാവി നൂറോളം പൊലീസുകാരുമായെത്തി സഭയിലെത്തി എംഎല്‍എമാരെ നീക്കാന്‍ ശ്രമിച്ചു. പൊലീസ് നടപടിക്കിടെ ചില ആര്‍ജെഡി, സിപിഎം എംഎല്‍എമാര്‍ ബോധരഹിതരായി. ഇതിനിടെ ഭരണ, പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലും കയ്യാങ്കളിയുണ്ടായി. ഭരണപക്ഷത്തെ എംഎല്‍എമാര്‍ തന്‍റെ കയ്യൊടിച്ചെന്നാണ് ഒരു ആര്‍ജെഡി എംഎല്‍എ പറഞ്ഞത്.

നിയമസഭയില്‍ എങ്ങനെ പെരുമാറണമെന്ന് പല പുതിയ എംഎല്‍എമാര്‍ക്കും അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം. എംഎല്‍എമാരെ മര്‍ദിക്കാതെ ധൈര്യമുണ്ടെങ്കില്‍ വെടിവെയ്ക്കൂ എന്നായിരുന്നു പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്‍റെ മറുപടി. നിരായുധരായ എംഎല്‍എമാരെ പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു. സതീഷ് ദാസ് എന്ന എംഎല്‍എക്ക് തലയ്ക്ക് പരിക്കേറ്റു. സിപിഎം എംഎൽഎ സത്യേന്ദ്ര യാദവ് മര്‍ദനമേറ്റ് ബോധരഹിതനായി. പട്ടിക ജാതിക്കാരിയായ എംഎല്‍എ അനിതാ ദേവിയെ മുടിക്ക് കുത്തിപ്പിടിച്ച് അവരുടെ സാരി വലിച്ചഴിച്ചു. ഇന്ത്യൻ ജനാധിപത്യത്തിലെ ഒരു കരിദിനമായി ഈ ദിവസം ഓര്‍മിക്കപ്പെടുമെന്ന് തേജസ്വി യാദവ് പറഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts