സൈറസ് മിസ്ത്രിയുടെ പുനര്‍നിയമനം; നിയമയുദ്ധത്തില്‍ ടാറ്റക്ക് ജയം
|2016 ഒക്ടോബറിലാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്.
ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ പദവിയില്‍ സൈറസ് മിസ്ത്രിയെ പുനസ്ഥാപിച്ചുകൊണ്ടുള്ള ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തവിനെതിര ടാറ്റ നല്‍കിയ അപ്പീലിലാണ് വിധി.
2019 ഡിസംബറിലാണ് സൈറസ് മിസ്ത്രിയെ കമ്പനി ചെയര്‍മാനായി പുനസ്ഥാപിച്ച് ട്രൈബ്യൂണല്‍ ഉത്തരവ് ഇറക്കിയത്. ഇതു ചോദ്യം ചെയ്ത് ടാറ്റ സണ്‍സ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് അപ്പീലില്‍ വാദം കേട്ടത്.
2016 ഒക്ടോബറിലാണ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ ടാറ്റ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത്. ടാറ്റയും ജാപ്പനീസ് കമ്പനിയായ ഡോകോമോയും തമ്മിലുള്ള ഇടപാടില്‍ ആര്‍ബിട്രേഷന്‍ ഉത്തരവ് പാലിക്കാതിരുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാണ് മിസ്ത്രിയെ മാറ്റിയതിനായി പറഞ്ഞിരിക്കുന്നത്. ടാറ്റയും ഡോകോമോയുമായുള്ള മുന്‍കരാറിന്റെ ലംഘനമായിരുന്നു ഇത്. കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തിനും നയത്തിനും എതിരാണിതെന്നും ഹര്‍ജിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. പദവിയില്‍നിന്നു നീക്കം ചെയ്തതിനെതിരെ മിസ്ത്രി നല്‍കിയ ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ അനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു.
ടാറ്റ ഗ്രൂപ്പിനു വേണ്ടി ഹരീഷ് സാല്‍വെയും മറുപക്ഷത്തിനു വേണ്ടി ശ്യാം ദിവാന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ അഭിഭാഷകരും ഹാജരായി.