India
ആദ്യഘട്ട വോട്ടെടുപ്പിനിടെ അക്രമം; ബംഗാളില്‍ വെടിവെപ്പിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
India

ആദ്യഘട്ട വോട്ടെടുപ്പിനിടെ അക്രമം; ബംഗാളില്‍ വെടിവെപ്പിനിടെ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

Web Desk
|
27 March 2021 4:34 AM GMT

ബി.ജെ.പി പ്രവർത്തകർ ഇ.വി.എമ്മിൽ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര സേന വോട്ടർമാരെ സ്വാധീനിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് തൃണമൂലിന്‍റെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും

അസമിലെയും പശ്ചിമ ബംഗാളിലെയും ആദ്യഘട്ട പോളിങ് പുരോഗമിക്കുന്നു. ബംഗാളിൽ വ്യാപക അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്. ഈസ്റ്റ് മിഡ്നാപൂരിലുണ്ടായ വെടിവെപ്പിൽ 2 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവർത്തകർ ഇ.വി.എമ്മിൽ ക്രമക്കേട് നടത്തിയെന്നും കേന്ദ്ര സേന വോട്ടർമാരെ സ്വാധീനിക്കുന്നു എന്നും ചൂണ്ടിക്കാണിച്ച് തൃണമൂലിന്‍റെ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടർമാരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടയുകയാണെന്ന് ബി.ജെ.പിയും ആരോപിച്ചു.

രാവിലെ ഏഴ് മുതൽ ആറര വരെയാണ് പശ്ചിമബംഗാളിൽ വോട്ടെടുപ്പ്. അസമിൽ ആറ് വരെയും. ബംഗാളിൽ ആദിവാസികൾ തിങ്ങിത്താമസിക്കുന്ന പുരുലിയ, പശ്ചിമ മിഡ്നാപൂര്‍, കിഴക്കൻ മിഡ്നാപൂര്‍, ബങ്കുര, ജാര്‍ഗ്രം ജില്ലകളിലെ മുപ്പത് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 2016ൽ ഈ മുപ്പതിൽ 27 സീറ്റും ടിഎംസിയോടൊപ്പമായിരുന്നെങ്കിലും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പി തൂത്തുവാരി. പുറമെ ബിജെപിയിലേക്ക് ചേക്കേറിയ ടി.എം.സി എം.പി സിസിര്‍ അധികാരി വിജയിച്ച ലോക്സഭ മണ്ഡലമായ കാന്തിക്ക് കീഴിലെ നിയമസഭ മണ്ഡലങ്ങളും ഇവയിലുൾപ്പെടും.

ആദിവാസികളെയും ദലിതരെയും മറന്ന് വോട്ട് നേടാൻ മറ്റുള്ളവരെ പ്രീണിപ്പിക്കുകയാണ് മമതയെന്ന് പുരുലിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിമര്‍ശിച്ചിരുന്നു. ഈ വെല്ലുവിളികളെല്ലാം മറികടന്ന് പഴയ വിജയം ആവര്‍ത്തിച്ചില്ലെങ്കിൽ തൃണമൂലിന് തിരിച്ചടിയായേക്കും. അസമിൽ ഭരണത്തുടര്‍ച്ച തേടുന്ന ബിജെപിയുടെ സ്ഥിതിയും സമാനം.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ തേയില തൊഴിലാളികളായ ആദിവാസി ജനതക്കാണ് മേൽക്കൈ. ഇതിൽ 35 മണ്ഡലങ്ങളും ബിജെപി എജിപി സഖ്യം വിജയിച്ചിരുന്നെങ്കിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണം ആദിവാസി വിഭാഗങ്ങളെ മാറ്റി ചിന്തിപ്പിച്ചേക്കും. ഇത് മറികടക്കാൻ ബിജെപിക്ക് ആകുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. പൗരത്വ നിയമത്തിനെതിരായ പ്രചാരണം തന്നെയാണ് ഈ മേഖലയിൽ കോൺഗ്രസിന്‍റെയും തുറുപ്പുചീട്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts