ഒന്നാം ഘട്ടത്തിൽ അസമിലും പശ്ചിമ ബംഗാളിലും കനത്ത പോളിംഗ്
|ബംഗാളിലെ 30 സീറ്റിലും അസമിലെ 47 സീറ്റിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്
പശ്ചിമ ബംഗാളിലും അസമിലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ കനത്ത പോളിങ്. വൈകീട്ട് 6.30 വരെയുള്ള കണക്ക് പ്രകാരം ബംഗാളിൽ 79.79 ശതമാനമാണ് പോളിങ്. അസമിൽ 72.46 ശതമാനവും പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകൾ ലഭ്യമായിട്ടില്ല. ബംഗാളിലെ 30 സീറ്റിലും അസമിലെ 47 സീറ്റിലുമാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
വോട്ടെടുപ്പ് ദിവസം പലയിടത്തും സംഘർഷമുണ്ടായി. ആകെയുള്ള 294 സീറ്റുകളിലേക്ക് എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുമ്പോൾ 200ലേറെ സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
നന്ദിഗ്രാമിൽ മമത ബാനർജിയും ബി.ജെ.പിയിലേക്ക് കാലുമാറിയ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരിയും തമ്മിലാണ് ഏറ്റവും ശ്രദ്ധേയമായ ഏറ്റുമുട്ടൽ നടക്കുന്നത്.
അസമിലെ 126 നിയമസഭ സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം തന്നെയാണ് അസമിൽ തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചയാകുന്നത്. മേയ് രണ്ടിനാണ് ബംഗാളിലും അസമിലും വോട്ടെണ്ണൽ